കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചേദ്യപേപ്പർ ആവർത്തനം; രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ച് വി.സി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. വെള്ളിയാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി ബോട്ടണി പരീക്ഷ പേപ്പറിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളിൽ മിക്കതും ആവർത്തിച്ചത്. കഴിഞ്ഞ വർഷത്തെ പരീക്ഷക്കുവന്ന 60 ശതമാനം ചോദ്യങ്ങളും ഇക്കുറിയും പരീക്ഷക്ക് ആവർത്തിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണത്തിന് വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു.
സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ. ഈ മാസം 26നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് വി.സിയുടെ നിർദേശം.
സർവകലാശാല പരീക്ഷ വിഭാഗത്തിന്‍റെ കെടുകാര്യസ്ഥതക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചോദ്യപേപ്പർ ആവർത്തനത്തെ തുടർന്ന് സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകൾ സർവകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് ബോട്ടണി പരീക്ഷക്കും ചോദ്യങ്ങൾ ആവർത്തിച്ച സംഭവം. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ഉടൻ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
തുടർച്ചയായ വിവാദത്തെ തുടർന്ന്, ഏപ്രിൽ 25ന് നടക്കേണ്ട ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ സർവകലാശാല ആസ്ഥാനത്ത് ഉപരോധമടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിച്ചു.
'കേരള'യിലും ആവർത്തനം; പുനഃപരീക്ഷ നടത്തി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലക്ക് പിന്നാലെ കേരള സർവകലാശാലയിലും കഴിഞ്ഞവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു. കേരള സർവകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷയിലാണ് ചോദ്യം ആവർത്തിച്ചതായി കണ്ടെത്തിയതും പരീക്ഷ റദ്ദാക്കിയതും. പരീക്ഷ വെള്ളിയാഴ്ച വീണ്ടും നടത്തി. സർവകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽനിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയാറാക്കാൻ അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താക്കൾ തയാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അതിൽ ഒരെണ്ണമാണ് പരീക്ഷ കൺട്രോളർ ഉപയോഗിക്കുന്നത്.
മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും അത് പരിശോധിച്ച പഠന ബോർഡ് ചെയർമാനും ഗുരുതര വീഴ്ചവരുത്തിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പരീക്ഷ വീണ്ടും എഴുതേണ്ടിവന്നത് വിദ്യാർഥികളിൽ മാനസിക സംഘർഷത്തിനും സർവകലാശാലക്ക് ഭാരിച്ച അധികച്ചെലവിനും കാരണമായി. ഉത്തരവാദികളായ ചോദ്യകർത്താക്കളെയും പഠന ബോർഡ് അംഗങ്ങളെയും പരീക്ഷ ജോലികളിൽനിന്ന് സ്ഥിരമായി വിലക്കാനും ഇവരുടെ പ്രമോഷൻ തടയാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.