ദിവ്യക്കെതിരെ ദീപ നിശാന്ത്: ‘ആ മനുഷ്യനെ അപമാനിച്ച് കൊന്നുകളഞ്ഞതാണ്.. കൊലക്കുറ്റം തന്നെയാണ്’
text_fieldsകണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് രാജിവെച്ച കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യക്കെതിരെ സി.പി.എം സഹയാത്രികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. അപമാനിച്ച് ആ മനുഷ്യനെ കൊന്നുകളഞ്ഞതാണെന്നും കൊലക്കുറ്റം തന്നെയാണെന്നും ദിവ്യയുടെ പേര് പറയാതെ ദീപ നിശാന്ത് ആരോപിച്ചു. ആരോപണങ്ങളുണ്ടെങ്കിൽ നിയമപരമായി നേരിടേണ്ടിയിരുന്ന ഒരു പ്രശ്നത്തെ, ഒട്ടും പക്വതയില്ലാതെ നേരിട്ട്, തന്നിലെ ഈഗോ മുഴുവൻ പുറത്തിട്ട് പരസ്യമായി അപമാനിച്ച് ആ മനുഷ്യനെ കൊന്നുകളഞ്ഞതാണെന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. കുടുംബത്തിൻ്റെ തീരാവേദനയിൽ പങ്കുചേരുന്നതായും ദീപ അറിയിച്ചു.
‘ദിവ്യ പ്രസംഗിക്കുന്ന വിഡിയോ നേരിട്ട് കണ്ടതാണ്. വലിയ ക്രൂരത തന്നെയാണ്. ഒരു ജനപ്രതിനിധി കൂടിയാകുമ്പോൾ അതിന്റെ ഗൗരവം കൂടും’ -അവർ കൂട്ടിച്ചേർത്തു. ‘കുറ്റം തെളിയുന്നതു വരെയെങ്കിലും വിരലൊതുക്കി പിടിച്ചിരുന്നോടെ.... മറ്റൊരാളെ കൂടി കൊല്ലണോ, അങ്ങോട്ടെത്തെ ന്യായം ഇങ്ങോട്ടുമാകാം’ എന്ന് രതീഷ് ബാബു എരുവേശി എന്നയാൾ എഴുതിയ കമന്റിന് മറുപടിയായാണ് ഇക്കാര്യം ദീപ വ്യക്തമാക്കിയത്.
നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് ദിവ്യയുടെ കത്ത് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്.
അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ കത്തിൽ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കു ചേരുന്നുവെന്നും ദിവ്യ പറയുന്നു. ‘പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടു ത്തിട്ടുണ്ട്’ -ദിവ്യ കത്തിൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിൽനിന്ന് ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
നേരത്തെ പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ കേസെടുത്തത്. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.