ദിവ്യയുടെ വാദങ്ങൾ ദുർബലമാകുന്നു; ആരോപണങ്ങൾ തള്ളി കെ. ഗംഗാധരൻ രംഗത്തെത്തി
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹരജിയിലെ ആരോപണങ്ങൾ വീണ്ടും പൊളിയുന്നു. ദിവ്യയുടെ ആരോപണങ്ങൾ തള്ളി മുൻകൂർ ജാമ്യഹരജിയിൽ പേര് പരാമർശിക്കപ്പെട്ട കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ കെ. ഗംഗാധരൻ രംഗത്തെത്തി.
തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽനിന്ന് നൽകിയ സ്റ്റോപ് മെമ്മോക്ക് എതിരെയാണ് പരാതി നൽകിയതെന്ന് ഗംഗാധരൻ പറഞ്ഞു. എ.ഡി.എം കൈക്കൂലി വാങ്ങിയതായോ അഴിമതി നടത്തിയതായോ പരാതിയിൽ പറഞ്ഞിട്ടില്ല. സ്റ്റോപ് മെമ്മോ നീക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി നവീൻബാബു ഇടപെട്ടില്ല -ഗംഗാധരൻ പറഞ്ഞു.
വീടിനോട് ചേർന്ന് വാങ്ങിയ 85 സെന്റ് സ്ഥലത്ത് മണ്ണിടുന്നതിനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. അഞ്ച് തവണ നവീൻബാബുവിനെ കണ്ടു. കാർഷിക വിളകൾ അടക്കം നശിക്കുന്നതായി പരാതി പറഞ്ഞെങ്കിലും സ്റ്റോപ്പ് മെമ്മോ മാറ്റാൻ എ.ഡി.എമ്മിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. നവീൻബാബു അഴിമതി നടത്തിയെന്ന് പി.പി. ദിവ്യയോട് പറഞ്ഞിട്ടില്ലെന്നും റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് വിജിലൻസിന് പരാതി നൽകിയതെന്നും ഗംഗാധരൻ പറഞ്ഞു. ഗംഗാധരൻ വിജിലൻസിന് നൽകിയ പരാതി മുൻകൂർ ജാമ്യാപേക്ഷയിൽ പി.പി. ദിവ്യ ആയുധമാക്കിയിരുന്നു.
പി.പി. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം ജില്ല കലക്ടർ അരുൺ കെ. വിജയനും തള്ളിയിരുന്നു. ഒരു പൊതുപരിപാടിക്കിടെ കലക്ടർ ക്ഷണിച്ചിട്ടാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞത്. എന്നാൽ, ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകരാണ് ആളുകളെ ക്ഷണിക്കേണ്ടതെന്നും ശനിയാഴ്ച കലക്ടർ പ്രതികരിച്ചിരുന്നു.
പി.പി. ദിവ്യക്കെതിരെ സൈബര്‍ അക്രമണം; കേസെടുത്തു
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. തെറ്റായ സൈബർ പ്രചാരണമെന്ന് ആരോപിച്ചാണ് കേസ്.
ദോഷം വരുത്തുന്നതും ശല്യമുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ തമ്മിൽ വിരോധവും വെറുപ്പുമുണ്ടാക്കി സമൂഹത്തിൽ സമാധാന ഭംഗം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രതിചേർത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പി.പി. ദിവ്യക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.