‘ദിവ്യക്ക് ചെറിയ പെൺകുട്ടിയെന്ന് അഭിഭാഷകൻ; നവീനും പെൺകുട്ടികൾ തന്നെയെന്ന് മറുപടി’
text_fieldsതലശ്ശേരി: പത്താം ക്ലാസിൽ പഠിക്കുന്ന ചെറിയ പെൺകുട്ടിയും പ്രായമായ അമ്മയുമാണ് പി.പി. ദിവ്യയുടെ വീട്ടിലുള്ളതെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും മുൻകൂർ ജാമ്യം നൽകിയാൽ ഇപ്പോൾതന്നെ ചോദ്യം ചെയ്യാമെന്നും പ്രതിഭാഗം അഭിഭാഷകൻ.
മരിച്ച എ.ഡി.എം നവീൻ ബാബുവിന്റെ വീട്ടിലും രണ്ട് പെൺകുട്ടികൾ തന്നെയാണുള്ളതെന്നും ചെറിയ പെൺകുട്ടി അന്ത്യകർമം നടത്തുന്നത് എല്ലാവരും കണ്ടില്ലേയെന്നും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകനും.
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് നടത്തിയ വാദങ്ങളിലാണ് വീട്ടിലെ കാര്യങ്ങൾ ചർച്ചയായത്. പി.പി. ദിവ്യയുടെ വീട്ടിലെ സ്ഥിതി പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗമാണ് ഈ വാദം ആദ്യമുന്നയിച്ചത്. ഇതിനാണ് നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ മറുപടി.
ദിവ്യയുടേത് ആസൂത്രിത നീക്കം; അക്കമിട്ട് നിരത്തി കുടുംബം
തലശ്ശേരി: ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ എ.ഡി.എം നവീൻ ബാബുവിനെതിരെ നടത്തിയ നീക്കങ്ങൾ കൃത്യവും ആസൂത്രിതവുമായിരുന്നുവെന്ന് നവീന്റെ കുടുംബം. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തിന്റെ കൈക്കൂലി ആരോപണം ഏറ്റെടുത്താണ് ദിവ്യ യാത്രയയപ്പ് യോഗത്തിനെത്തിയത്. പ്രശാന്തിന്റെ പരാതിപോലും വ്യാജമാണെന്ന് തെളിഞ്ഞുവരുന്നു.
അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ ഒപ്പും പേരും വ്യത്യസ്തമാണ്. ഒപ്പുകൾ മാറാമെങ്കിലും പേരുകൾ എങ്ങനെയാണ് മാറുന്നതെന്നും ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.
എന്ത് കാര്യത്തിനാണ് ദിവ്യ എ.ഡി.എമ്മിനെ വിളിച്ചത്. നവീൻ ബാബുവിന് താങ്ങാനാവാത്ത പ്രയാസമാണ് അവർ ഉണ്ടാക്കിയത്. പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ഇതിൽ ദിവ്യയുടെ സാമ്പത്തിക താൽപര്യം അന്വേഷിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിച്ചില്ലെന്ന് കലക്ടർതന്നെ പറയുന്നു. സംഘാടകരും ഇതുതന്നെയാണ് പറയുന്നത്. യോഗത്തിൽ എത്തി എ.ഡി.എമ്മിനെതിരെ അഴിമതി നടത്തിയെന്ന നിലക്ക് ദിവ്യ സംസാരിക്കുന്നു. രണ്ടുദിവസം കഴിഞ്ഞ് തെളിവ് പുറത്തുവിടുമെന്നും പറയുന്നു. ഇത് ഭീഷണി തന്നെയാണ്.
കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർതന്നെ പറയുന്നു. പിന്നെ എന്തിനാണ് ആ പേരിൽ പൊതുമധ്യത്തിൽ അപമാനിച്ചത്. യാത്രയയപ്പ് ചടങ്ങിന്റെ വിഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. നവീൻ സ്ഥലംമാറിയെത്തുന്ന പത്തനംതിട്ടയിലും അപമാനിക്കലായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോൾ എ.ഡി.എമ്മിന്റെ മുഖം മാറി. പത്തനംതിട്ടയിലേക്ക് പോകുമ്പോൾ ഇങ്ങനെ ആകരുതെന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർഥമെന്നും അഭിഭാഷകൻ ചോദിച്ചു.അത്രയും പറഞ്ഞിട്ടും ആ വേദിയിൽ ദിവ്യയോട് തിരിച്ച് പറയാതിരുന്നത് നവീന്റെ മാന്യതയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിശുദ്ധനെങ്കിൽ ആ വേദിയിൽവെച്ച് മറുപടി പറയാമായിരുന്നില്ലേ എന്ന ദിവ്യയുടെ വാദത്തിനാണ് നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എഫ് റാൽഫിന്റെ മറുപടി. ഗുരുതരകുറ്റമാണ് ദിവ്യ ചെയ്തത്. വിഷയം അന്വേഷിച്ച ലാൻഡ് റവന്യൂ ജോ. കമീഷണർ എ. ഗീതയുടെ മുന്നിൽ ദിവ്യ ഹാജരായില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ആത്മഹത്യ പ്രേരണയുണ്ടാക്കുന്ന ഒന്നും നടത്തിയിട്ടില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ
തലശ്ശേരി: എ.ഡി.എം നവീൻബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ ഒന്നും യാത്രയയപ്പ് യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന് പി.പി. ദിവ്യ. എ.ഡി.എം വിശുദ്ധനെങ്കിൽ അന്നേരം തന്നെ എതിർക്കാതിരുന്നത് എന്തുകൊണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.
അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്നത് ഒരു പൊതുപ്രവർത്തകയുടെ കടമയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നിരവധി അവാർഡുകൾ നേടിയ വ്യക്തിയാണ് ദിവ്യയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആരോപണമുയർന്നപ്പോൾ അവർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. അഴിമതിക്കെതിരെയുള്ള സന്ദേശമെന്ന നിലയിലാണ് പരസ്യമായി പ്രസംഗിച്ചത്. നവീൻ ബാബുവിനെതിരെ രണ്ട് പരാതിയാണ് അവർക്ക് ലഭിച്ചത്. ഒന്ന് ഗംഗാധരൻ എന്ന ആളുടേതാണ്. രണ്ടാമത്തേത് പമ്പുടമ പ്രശാന്തിന്റേതും. മാധ്യമങ്ങൾക്ക് അവരുടെ അജണ്ടയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് യോഗത്തിൽ ചെയ്തത്. സ്ഥലംമാറി പോകുന്ന എ.ഡി.എമ്മിന് ആശംസയും നേർന്നു. കൂടുതൽ നന്നാകണമെന്നാണ് ഉപദേശിച്ചത്. ഇത് എങ്ങനെയാണ് ആത്മഹത്യക്ക് കാരണമാകുക.
എ.ഡി.എമ്മിന് കൈക്കൂലി നൽകിയ പ്രശാന്ത് വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. പ്രസംഗമെല്ലാം കഴിഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ അല്ലല്ലോ മാർഗം. പറയുന്ന കാര്യങ്ങൾ എല്ലാവരും അറിയണമെന്ന് കരുതിയാണ് മാധ്യമ പ്രതിനിധിയെ യോഗത്തിലേക്ക് വിളിച്ചത്. അതിൽ എന്താണ് തെറ്റ്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ല. അഴിമതിക്കെതിരെ ഉപദേശം നൽകുകയാണ് ദിവ്യ ചെയ്തത്. അന്യായമായ കാര്യം ചെയ്യാനല്ല എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടതെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. മുൻകൂർ ജാമ്യം നൽകിയാൽ ഈ നിമിഷം ദിവ്യയെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വാദം നീണ്ടത് മൂന്നു മണിക്കൂർ
തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിന്മേലുള്ള വാദപ്രതിവാദം നീണ്ടത് മൂന്ന് മണിക്കൂറിലേറെ. വ്യാഴാഴ്ച രാവിലെ 11.20നാണ് ഹരജിയിന്മേലുള്ള നടപടികൾ ആരംഭിച്ചത്.
പി.പി. ദിവ്യക്കുവേണ്ടി ഹാജരായ അഡ്വ.കെ. വിശ്വൻ ആണ് ആദ്യം വാദിച്ചത്. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറിന് പറയാനുള്ളത് കേട്ടു. അതിനുശേഷം കേസിൽ കക്ഷിചേർന്ന മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺ എസ്. റാൽഫിന്റെയും വാദം കേട്ടു.
രാവിലെ 11.20ന് തുടങ്ങിയ വാദം ഉച്ച ഒന്നര വരെ തുടർന്നു. ഉച്ചഭക്ഷണത്തിനുശേഷം രണ്ടരക്ക് വീണ്ടും കോടതി കൂടി.
വാദം കേൾക്കൽ പൂർത്തിയായശേഷം വിധി പറയാനായി ഈ മാസം 29ലേക്ക് മാറ്റിയപ്പോഴേക്കും സമയം മൂന്നരയായിരുന്നു. ജാമ്യഹരജിയിലുള്ള വാദം കേൾക്കാൻ നിരവധി അഭിഭാഷകരും മാധ്യമ പ്രവർത്തകരും പൊലീസുകാരുമുൾപ്പെടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു.
കലക്ടർ വിലക്കി, എന്നിട്ടും വന്ന് വ്യക്തിഹത്യ നടത്തി -പ്രോസിക്യൂഷൻ
തലശ്ശേരി: എ.ഡി.എം നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയ ഒക്ടോബർ 14ന് രാവിലെ തന്നെ എ.ഡി.എമ്മിനെക്കുറിച്ച് കലക്ടർ അരുൺ കെ. വിജയനോട് പി.പി. ദിവ്യ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം യാത്രയയപ്പ് ചടങ്ങിൽ ഉന്നയിക്കരുതെന്ന് കലക്ടർ മറുപടിയും നൽകി. എന്നിട്ടും ആരും ക്ഷണിക്കാതെ യോഗത്തിൽ വന്ന് നവീനെ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ.
വിഡിയോ ഗ്രാഫറുമായി വന്ന് എ.ഡി.എമ്മിനെതിരെ ദിവ്യ അഴിമതി ആരോപിച്ച് സംസാരിച്ചു. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിക്കാൻ എന്ത് അധികാരമാണ് അവർക്കുള്ളത്. കലക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ദിവ്യ ഇപ്പോൾ പറയുന്നത്. വഴിയെ പോകുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് പ്രസംഗത്തിൽ പറഞ്ഞിരുന്നു. വ്യക്തിഹത്യയാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രസംഗം ഭീഷണി സ്വരത്തിലുള്ളതാണ്. ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുക മാത്രമല്ല, അത് മാധ്യമങ്ങൾക്ക് അയച്ചുനൽകുകയും ചെയ്തു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടറുടെ മൊഴിയുണ്ട്. പ്രസംഗം റെക്കോഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങിയതും പ്രചരിപ്പിച്ചതും കൃത്യമായ ആസൂത്രണം വ്യക്തമാക്കുന്നതാണ്.
റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട ആവശ്യമില്ല. ഇത് മനസ്സിലാക്കിയാണ് കലക്ടർ നിരുത്സാഹപ്പെടുത്തിയത്. പരസ്യമായ വ്യക്തിഹത്യ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. എ.ഡി.എമ്മിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാമായിരുന്നു.
വിജിലൻസും പൊലീസും അടക്കമുള്ള സംവിധാനങ്ങൾ അതിനുള്ളതാണ്. എല്ലാം ഇങ്ങനെ മൈക്ക് കെട്ടി പറഞ്ഞാൽ ഇത്തരം സംവിധാനങ്ങൾ എന്തിനാണ്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എ.ഡി.എമ്മിന്റെ മരണത്തിൽ ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ നിർബന്ധമാണ്. കേസന്വേഷണവുമായി ദിവ്യ സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് അവർ. ഇത്തരമൊരു സ്ഥാനത്തിരുന്ന് ഉദ്യോഗസ്ഥർക്കെതിരെ ഇങ്ങനെ ആരോപണമുന്നയിച്ചാൽ എന്താകും നാട്ടിലെ അവസ്ഥയെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
മൊഴികളിലുറച്ച് കലക്ടർ; ക്ഷണിച്ചിട്ട് പോയെന്ന് ദിവ്യ
തലശ്ശേരി: എ.ഡി.എം നവീൻ ബാബുവിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നൽകിയ യാത്രയയപ്പിലേക്ക് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലക്ടർ അരുൺ കെ. വിജയൻ. ഔപചാരികമായോ അല്ലാതെയോ ക്ഷണിച്ചിട്ടില്ല. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ പറഞ്ഞതായും കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻകൂർ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിലാണ് കലക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന വാദം ദിവ്യ ആവർത്തിച്ചത്. യാത്രയയപ്പ് ദിവസം രാവിലെ നടന്ന പൊതു ചടങ്ങിൽ കലക്ടർ അനൗപചാരികമായി ക്ഷണിച്ചുവെന്നും ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് വരുന്ന കാര്യം പറഞ്ഞപ്പോൾ ‘ഓകെ’ എന്നു കലക്ടർ മറുപടി നൽകിയെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.