കണ്ണൂർ വിമാനത്താവളം: വിദേശ സർവിസിന് അനുമതിയില്ലെന്ന് വീണ്ടും കേന്ദ്രം
text_fieldsകണ്ണൂർ: വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിലപാട് കണ്ണൂർ വിമാനത്താവളത്തിന് പ്രതിസന്ധിയാകും. വിമാനത്താവളം യാഥാർഥ്യമായി രണ്ടര വർഷം പിന്നിട്ടെങ്കിലും വിദേശ കമ്പനികൾക്ക് അനുമതി നൽകാത്തത് കോവിഡ് പ്രതിസന്ധിക്കൊപ്പം കനത്ത തിരിച്ചടിയായിമാറുകയാണ്. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകി. 2019ലും സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രണ്ടാവശ്യങ്ങളും അംഗീകരിക്കാൻ നിർവാഹമില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിെൻറ ചോദ്യത്തിന് രേഖാമൂലം മറുപടി പറഞ്ഞു.
2018 ഡിസംബറിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. 2019 അവസാനത്തോടെ ഇന്ത്യൻ കമ്പനികൾ കണ്ണൂരിൽനിന്ന് ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവിസുകൾ ആരംഭിച്ചിരുന്നു. കോവിഡ് മൂലം സർവിസുകൾ നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥിതിയാണിത്. കോവിഡ് കാലത്ത് സർവിസുകൾ കുറഞ്ഞത് വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണ്.
വിദേശ വിമാനക്കമ്പനികൾ സർവിസ് തുടങ്ങിയാൽ മാത്രമേ ചെറിയ തോതിലെങ്കിലും ആശ്വാസമാവുകയുള്ളൂ. സി.ഐ.എസ്.എഫ്, എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യം വിമാനത്താവള ചുമതലയുള്ള കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് കമ്പനിയാണ് നൽകുന്നത്. ഇതും കടുത്ത സാമ്പത്തിക ബാധ്യതയാണ്. പുതിയ വിമാനത്താവളങ്ങളിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും അതത് എയർപോർട്ട് അതോറിറ്റി തന്നെ വഹിക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണിത്.നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, ഇൻഡിഗോ എന്നിവയാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നത്.
സമ്മർദം ശക്തമാക്കും –ഡോ. വി. വേണു (എം.ഡി, കിയാൽ)
കണ്ണൂർ: വിദേശ വിമാനക്കമ്പനികൾ സർവിസ് തുടങ്ങണമെന്ന ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ സമ്മർദം തുടരും. വിമാനത്താവളത്തിെൻറ പശ്ചാത്തല സൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനത്തിനായി വിദേശ കമ്പനികളുടെ സർവിസ് കൂടിയേ തീരു. ലക്ഷ്യം കാണുന്നതുവരെ പരിശ്രമം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.