കണ്ണൂർ വിമാനത്താവളം: ആഭ്യന്തര വിമാനക്കമ്പനികളുമായി ചർച്ച 27ന്
text_fieldsന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം ഉദ്ഘാടത്തിന് മുന്നോടിയായി ആഭ്യന്തര വിമാനക്കമ്പനികളുമായി ഏപ്രിൽ 27ന് ഡൽഹിയിൽ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ആഭ്യന്തര സർവിസ് സംബന്ധിച്ച കാര്യങ്ങളാണ് വിമാനക്കമ്പനികളുടെ ചർച്ചയുടെ അജണ്ട. കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കിയാൽ പ്രതിനിധികളും പെങ്കടുക്കും. തുടർയോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേരും.
കണ്ണൂരിൽനിന്ന് തുടക്കത്തിൽതന്നെ അന്താരാഷ്ട്ര സർവിസ് ആരംഭിക്കാനാണ് കിയാലും സംസ്ഥാന സർക്കാറും ആഗ്രഹിക്കുന്നത്. അതിനായി വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകണമെന്ന ആവശ്യം സർക്കാർ വ്യോമയാന മന്ത്രാലത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് സൂചന. കോഴിക്കോട് വിമാനത്താവളത്തിനും മറ്റും ഉദ്ഘാടനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമാണ് വിദേശവിമാനങ്ങൾക്ക് അനുമതി ലഭിച്ചത്. കണ്ണൂരിലും അങ്ങനെ സംഭവിച്ചാൽ ഉത്തര മലബാറിലെ പ്രവാസികൾ അടക്കമുള്ളവരുടെ പ്രതീക്ഷ തൽക്കാലത്തേക്കെങ്കിലും അസ്ഥാനത്താകും. ഇക്കാര്യത്തിൽ സമ്മർദം ശക്തമാക്കി കേന്ദ്ര തീരുമാനം അനുകൂലമാക്കാമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സർക്കാറിൽനിന്നുള്ള നടപടികൾ സ്വാഗതാർഹമാണെന്ന് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ലഭിക്കേണ്ട വിവിധ ക്ലിയറൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ബി.സി.എ.എസ്, എയർപോർട്ട് അതോറിറ്റി, സി.ഐ.എസ്.എഫ്, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയിൽനിന്ന് ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിലാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.