കണ്ണൂർ വിമാനത്താവളം: ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് സംവാദം
text_fieldsകണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിെൻറ രണ്ടാം വാർഷികത്തിൽ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് െഡവലപ്മെൻറ് ഫോറം. ചേംബർ ഹാളിൽ േഫാറം സംഘടിപ്പിച്ച ടേബിൾ ടോക്കിൽ കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയായി. ഇക്കാര്യങ്ങളിൽ കിയാലുമായും കേന്ദ്ര- സംസ്ഥാന സർക്കാറുകളുമായും ഇടപെട്ട് സമ്മർദം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി ലഭിക്കാത്തതാണ് വലിയ പ്രശ്നമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വ്യോമയാനേതര വരുമാനത്തിനു ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനു കിയാല്‍ നിര്‍ദേശിക്കുന്ന മാനദണ്ഡം ലഘൂകരിക്കണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികള്‍ പോലും രണ്ടു വര്‍ഷമായിട്ടും നടപ്പായില്ല.
വിമാനത്താവള ഉദ്ഘാടന ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ച കാര്‍ഗോ കോംപ്ലക്സ് നടപ്പായില്ല. ഡ്യൂട്ടി ഫ്രീ ഷോപ് ഇല്ലാത്തതു കണ്ണൂരിലേക്കുള്ള യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നു. ഇവ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണം. ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന ജിദ്ദയിലേക്ക് ഉടന്‍ വിമാന സര്‍വിസ് തുടങ്ങണം. കോവിഡ് കാലത്ത് ആഭ്യന്തര യാത്രക്കാര്‍ കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ആഭ്യന്തര വിമാന സര്‍വിസ് കണ്ണൂരില്‍ എത്തിക്കാന്‍ നടപടി വേണം.
വിമാനത്താവളത്തിലേക്കുള്ള വാഹന പാര്‍ക്കിങ് ഫീസ് അനാവശ്യമായി വര്‍ധിപ്പിച്ചതു പിന്‍വലിക്കണം. നിലവിലുള്ള ടാക്സി നിരക്ക് കുറക്കുന്നതോടൊപ്പം ഷെയര്‍ ടാക്സി പദ്ധതി കൂടി നടപ്പാക്കണം. വടക്കേ മലബാറിലെ തീര്‍ഥാടകരെ ലക്ഷ്യമിട്ട് ഹജ്ജ് എമ്പാര്‍ക്കേഷന്‍ കേന്ദ്രം കണ്ണൂരിലും സ്ഥാപിക്കണം.
വിമാനത്താവള വികസനത്തിനു ഐ.പി.എല്‍, ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്റ്റേഡിയം കണ്ണൂരില്‍ സ്ഥാപിക്കണം. വിമാനത്താവളത്തിനെ അപകീര്‍ത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരെ നടപടി വേണമെന്നും ഫോറത്തിൽ ആവശ്യമുയർന്നു. ഫോറം ചെയര്മാന് കെ. വിനോദ് നാരായണന്, കണ്‍വീനര്‍ എ.കെ. ഹാരിസ്, ഹനീഷ് വാണിയംകണ്ടി, എന്‍.പി.സി. രംജിത്, വി.ജെ. സഞ്ജീവ്, മഹേഷ് ചന്ദ്രബാലിഗ, സി.വി. ദീപക്, എം.കെ. ഷറഫുദ്ദീന്, സഞ്ജയ് ആറാട്ടുപൂവന്, സച്ചിന് സൂര്യകാന്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.