കണ്ണൂർ വിമാനത്താവളം: ഡിസംബറിൽ ആഭ്യന്തര സർവിസുകൾക്ക് കൂടുതൽ പരിഗണന
text_fieldsകണ്ണൂർ: ഉദ്ഘാടനം ഡിസംബർ ഒമ്പതിന് തീരുമാനിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസിെൻറ കരട് ഷെഡ്യൂൾ വിമാനകമ്പനികൾ തയാറാക്കി. എയർട്രാഫിക് കൺട്രോൾ റൂട്ട് മാപ് നിർണയവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ പരീക്ഷണപ്പറക്കലിന് ശേഷമുള്ള ഇൻസ്ട്രുമെൻറ് അപ്രോച്ച് ചാർട്ടും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചുതന്നെ വിമാന സർവിസ് എല്ലാ സെക്ടറിലേക്കും ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കിയാൽ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും കണ്ണൂരിൽനിന്ന് സർവിസിന് സന്നദ്ധമാണെങ്കിലും വിദേശ കമ്പനികളുടെ അനുമതി ലഭിക്കാത്തതിനാൽ ആഭ്യന്തര കമ്പനികളുടെ കരട് റൂട്ടാണ് തയാറായിട്ടുള്ളത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ഷെഡ്യൂളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഷെഡ്യൂൾ അനുസരിച്ച് സർവിസിന് സന്നദ്ധമാണോ എന്ന അറിയിപ്പ് ഡി.ജി.സി.എയിൽനിന്ന് കിട്ടിയാലുടൻ നടപടി പൂർത്തീകരിക്കും.
ആഭ്യന്തര കമ്പനികളുടെ വിദേശ റൂട്ടുകളിലേക്കുള്ള സർവിസാണ് പുതുക്കിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, വിദേശ സർവിസ് തുടങ്ങുന്നതിന് ഉപാധിയായി അംഗീകരിച്ച ഉഡാൻ സർവിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സജീവമായി തുടങ്ങാനുള്ള നീക്കത്തിലാണ് വ്യോമയാന വകുപ്പ്. കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന ഉഡാൻ പദ്ധതിയിൽപെടുത്തി കണ്ണൂരിൽനിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്കുള്ള സർവിസാണ് തയാറായിട്ടുള്ളത്.
രണ്ടു തവണ കണ്ണൂരിൽ പരീക്ഷണപ്പറക്കൽ നടത്തിയ 78 സീറ്റുള്ള ഇൻഡിഗോ ആണ് ഇതിൽ കൂടുതൽ സർവിസ് നടത്തുക. ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, മുബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ഉഡാൻ ഷെഡ്യൂളിെൻറ ബുക്കിങ് കമ്പനികൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.