കണ്ണൂർ വിമാനത്താവളം: ഗോ എയർ ധാരണയായി
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവിസ് ഉടൻ തുടങ്ങുന്നത് സംബന്ധിച്ച് ഗോ എയർ വിമാനക്കമ്പനിയും കിയാലും ധാരണയായി. ഇതനുസരിച്ച് ഗോ എയർ എയർലൈൻസിെൻറ അഞ്ചംഗ സംഘം ശനിയാഴ്ച വിമാനത്താവളം സന്ദർശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിയാൽ മാനേജിങ് ഡയറക്ടർ തുളസീദാസുമായി അവസാന വട്ട ചർച്ച നടന്നിരുന്നു. ഒരാഴ്ചക്കകം ആഭ്യന്തര സർവിസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
എയർബസ് A320 വിമാനങ്ങളും നവീന സൗകര്യങ്ങളുമായി 1500ഒാളം സർവിസുകൾ ഗോ എയർ നടത്തുന്നുണ്ടെന്ന് എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവിസിനും താൽപര്യമുണ്ട്. വിമാനത്താവളം മുഴുവനും ചുറ്റിക്കണ്ട സംഘം സംവിധാനങ്ങൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എയർലൈൻസ് ഒാഫിസ്, കൗണ്ടർ, വിമാന പാർക്കിങ് സജ്ജീകരണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സംഘം പരിശോധിച്ചു.
ചീഫ് ഒാപറേറ്റിങ് ഒാഫിസർ കെ.പി. ജോസ്, ചീഫ് പ്രോജക്ട് എൻജിനീയർ ഷിബുകുമാർ, സീനിയർ മാനേജർ (ഒാപറേഷൻ) വിനുഗോപാൽ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു. ഗോ എയർ മെയിൻറനൻസ് ഡയറക്ടർ തപസ് ചാറ്റർജി, ക്യാപ്റ്റൻ വിനോദ് മത്കർ, ഒാപറേഷൻസ് ജനറൽ മാനേജർ ശിവാനന്ദ് നായിക് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിനൊപ്പം കരിപ്പൂരിലെ പുതിയ ടെർമിനലും ഉദ്ഘാടനം ചെയ്തേക്കും
കരിപ്പൂർ: കണ്ണൂർ വിമാനത്താവളത്തിനൊപ്പം കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനലും ഉദ്ഘാടനം ചെയ്തേക്കും. ഡിസംബർ ഒമ്പതിനാണ് കണ്ണൂരിെൻറ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു കേരളത്തിൽ എത്തുേമ്പാൾ ടെർമിനലിെൻറ ഉദ്ഘാടനവും നടത്താനാണ് ശ്രമം. മന്ത്രിയുടെ സമയം ലഭിച്ചതിന് ശേഷം വ്യാഴാഴ്ച ചേരുന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിൽ അന്തിമമായി തീരുമാനിക്കും.
നിലവിലുള്ള ടെർമിനലിൽ യാത്രക്കാർക്ക് ആവശ്യമുള്ള സൗകര്യമില്ലാത്തതിനാൽ വിമാനങ്ങൾ ഒന്നിച്ചെത്തുമ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി 2009ൽ നിർമിക്കാനുദ്ദേശിച്ച ടെർമിനലിെൻറ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. നാലുതവണ ടെൻഡർ വിവിധ കമ്പനികൾ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. 2016 ജനുവരി 29ന് അന്നത്തെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവാണ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലാണ് ടെർമിനൽ പൂർത്തിയായിരിക്കുന്നത്. നിലവിലുള്ളതിൽ 916 യാത്രക്കാരാണ് ഒരേസമയം ഉൾക്കൊള്ളുക.
പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊള്ളും. കൂടാതെ, ടെർമിനലിൽ 44 ചെക്ക് ഇൻ കൗണ്ടർ, 48 എമിേഗ്രഷൻ കൗണ്ടർ, 20 കസ്റ്റംസ് കൗണ്ടർ, അഞ്ച് കൺവെയർ ബെൽറ്റുകൾ, അഞ്ച് എക്സ്റേ മെഷീനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടെ തിരക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. 85.18 കോടി രൂപ ചെലവിൽ കെട്ടിടവും 35 കോടി രൂപ ചെലവിൽ മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് ടെർമിനലിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ടെർമിനലിൽ വി.െഎ.പി ലോഞ്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരിൽ ആദ്യമായാണ് വി.െഎ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്.
നിലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ പൂർണമായും ഇനി മുതൽ പുറപ്പെടൽ കേന്ദ്രമായിരിക്കും. ഇതിനോടൊപ്പം രണ്ട് എയ്റോബ്രിഡ്ജുകളും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. സ്പെയിനിൽനിന്ന് ഇറക്കുമതി ചെയ്ത എയ്റോബ്രിഡ്ജുകളാണ് കരിപ്പൂരിൽ നിർമിച്ചിരിക്കുന്നത്. ഇതോടെ കരിപ്പൂരിൽ എയ്റോബ്രിഡ്ജുകളുടെ എണ്ണം അഞ്ചായി. ഒന്ന് കൂടി ഭാവിയിൽ നിർമിക്കും. ഇതോടെ എയ്റോബ്രിഡ്ജുകൾ ആറാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.