വിമാനത്താവളത്തിൽ ജോലി വാഗ്ദാനം: തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ
text_fieldsതലശ്ശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് വൻ തട്ടിപ്പ് നടത്തിയവർക്കെതിരെ തലശ്ശേരിയിൽ വീണ്ടും പരാതി. തലശ്ശേരി ജില്ല കോടതിക്ക് സമീപം താമസിക്കുന്ന കെ.എം. വിപിൻദാസ് (44), ചോമ്പാല കല്ലാമല സ്വദേശി പൊന്നൻകണ്ടി അരുൺകുമാർ (54) എന്നിവർക്കെതിരെയാണ് രണ്ട് സ്ത്രീകൾ സമാന പരാതികളുമായി പൊലീസിനെ സമീപിച്ചത്. നിട്ടൂരിലെ അമൃതത്തിൽ ശരണ്യ (37), വടക്കുമ്പാട് സി.വി. നിവാസിൽ വിന്ധ്യ എന്നിവരുടെ പരാതിയിൽ 406, 420 വകുപ്പുകളിൽ തലശ്ശേരി പൊലീസ് കേസെടുത്തു.
2015 ജൂലൈയിൽ വിമാനത്താവളത്തിൽ ജോലി ശരിപ്പെടുത്തിത്തരാമെന്നുപറഞ്ഞ് ഇരുവരിൽനിന്നും രണ്ടുലക്ഷം രൂപ വീതം കൈക്കലാക്കിയെന്നാണ് പരാതി. തട്ടിപ്പ് കേസിൽ വിപിൻദാസും അരുൺ കുമാറും ഈയിടെ അറസ്റ്റിലായിരുന്നു. വാർത്തയും ഫോട്ടോയും മാധ്യമങ്ങളിലൂടെ കണ്ടാണ് പ്രതികളെ യുവതികൾ തിരിച്ചറിഞ്ഞത്. എന്നാൽ, അറസ്റ്റിലായ ഇരുവരും ഇതിനകം ജാമ്യത്തിലിറങ്ങി മുങ്ങിയതായാണ് സൂചന. തലശ്ശേരിയിൽ നേരത്തേ മൂന്ന് പേരിൽ നിന്നായി ഇവർ ഒരു കോടിയിലേറെ രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ഹൃദ്രോഗിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടവരിൽ ഒരാൾ. പള്ളൂരിലെ റജുൻ ലാലിൽ നിന്ന് തട്ടിയത് 25 ലക്ഷമാണ്. കൂടാതെ കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഷക്കീർ, നിഹാദ്, മിഥുൻ തുടങ്ങിയവരും വിമാനത്താവളത്തിൽ ജോലിക്കായി ലക്ഷങ്ങൾ നൽകി വഞ്ചിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഏതാനും യുവതികളും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ചോമ്പാലയിൽ രണ്ടും തലശ്ശേരിയിൽ അഞ്ചും തട്ടിപ്പ് കേസുകളാണ് ഇതുവരെ പ്രതികൾക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. തലശ്ശേരിയിലെ ഒരു കേസിൽ ഇരുവരുടെയും ഭാര്യമാരും കുറ്റാരോപിതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.