കണ്ണൂര്‍ വിമാനത്താവള ഭൂമിയില്‍ കോര്‍പറേറ്റുകള്‍ കണ്ണുവെക്കുന്നു
text_fieldsകണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമി വാണിജ്യാടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കുമെന്ന അനൗദ്യോഗിക വാഗ്ദാനത്തില്‍ മോഹിച്ച് സര്‍ക്കാറില്‍ പിടിമുറുക്കാന്‍ വന്‍കിട കോര്‍പറേറ്റുകളുടെ ശ്രമം.
കോഴിക്കോട് വിമാനത്താവളത്തിന് ഏറ്റെടുത്തതിന്‍െറ നാലിരട്ടി ഭൂമി കൈയിലത്തെിയിട്ടും റണ്‍വേ വികസനത്തിന് ഇനിയും ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ തുടരവെയാണ് മറുഭാഗത്ത് കോര്‍പറേറ്റുകള്‍ ഭൂമി കൈവശപ്പെടുത്താന്‍ നീക്കം തുടങ്ങിയത്. വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ 500 ഏക്കറോളം കിന്‍ഫ്രയുടെ കൈയില്‍ തന്നെ ശേഷിക്കുന്നത് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട നീക്കത്തിന് ബലമേകിയെന്നാണ് വിവരം.
കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പരിസരത്തെ കണ്ണായ മിക്ക ഭൂമികളും റിയല്‍ എസ്റ്റേറ്റ് ലോബി നേരത്തെ വാങ്ങിയിട്ടിരുന്നു. വിമാനത്താവളത്തിന്‍െറ മുഖം ഏത് ഭാഗത്താണെന്ന് വെളിപ്പെടും മുമ്പുതന്നെ നിരവധി ഏക്കര്‍ ഭൂമി ഇങ്ങനെ മറിച്ചുവില്‍ക്കപ്പെട്ടു. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടില്‍ വായന്തോട് വഴിയുള്ള ആദ്യ ഗേറ്റിലേക്കാണ് ഇപ്പോള്‍ റോഡ് നവീകരിക്കുന്നത്.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഗ്രാമംകൂടി ഉള്‍പ്പെടുന്ന തലശ്ശേരി-മമ്പറം-അഞ്ചരക്കണ്ടി റോഡ് നാലുവരിപ്പാതയാക്കുമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വിമാനത്താവളത്തിന്‍െറ ഗേറ്റിന് മാറ്റം വരുമെന്നായി. മൂന്ന് ഗേറ്റുകള്‍ ഉണ്ടാവുമെന്നും ആഗമനത്തിനും നിര്‍ഗമനത്തിനുമായി മേല്‍പാലവും അടിപ്പാതയും ഒരുക്കാമെന്നും പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിന്‍െറ റണ്‍വേയും സിഗ്നല്‍ ടവറും ഉള്‍പ്പെടുന്ന സുരക്ഷാമേഖലക്ക് പുറത്ത് ഭൂമി ധാരാളം ബാക്കി വരുന്നുണ്ട്. അതില്‍ ചിലതിലാണ് കോര്‍പറേറ്റുകള്‍ കണ്ണുവെച്ചിരിക്കുന്നത്.
വിമാനത്താവള പദ്ധതിയില്‍ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുള്‍പ്പെടെയുള്ള റെസിഡന്‍റ്സ് ഗ്രാമം രൂപകല്‍പന ചെയ്തിട്ടില്ല. വിമാനക്കമ്പനികള്‍ക്കും ഓയില്‍ കോര്‍പറേഷനുകള്‍ക്കും അവരുടെ ജീവനക്കാരെ താമസിപ്പിക്കാന്‍ ഇടം വേണം.
ഇതിനെല്ലാം വന്‍കിട ഹോട്ടല്‍ ഗ്രൂപ് വിമാനത്താവളത്തിന് ഏറ്റെടുത്ത കിന്‍ഫ്രയുടെ കൈയിലുള്ള ഭൂമിക്കുവേണ്ടി തലസ്ഥാനത്ത് കേന്ദ്രീകരിച്ച് പിടിവലി തുടങ്ങിയെന്നാണ് ശ്രുതി.
3400 മീറ്റര്‍ റണ്‍വേക്കാണ് കണ്ണൂരില്‍ അനുമതിയുള്ളത്. ഇത് നാലായിരമായി വികസിപ്പിച്ച് യൂറോപ്യന്‍ മേഖലകളിലേക്കും കണ്ണൂരില്‍ നിന്ന് റൂട്ട് നേടിയെടുക്കുകയാണ് കിയാലിന്‍െറ ലക്ഷ്യം. 2860 മീറ്റര്‍ റണ്‍വേയുള്ള കോഴിക്കോട് വിമാനത്താവളത്തിന് തുടക്കത്തില്‍ 500 ഏക്കറിന് താഴെയാണ് ഭൂമി ഏറ്റെടുത്തിരുന്നത്. എന്നാല്‍, കണ്ണൂരില്‍ ഇതുവരെയായി 3050 മീറ്റര്‍ റണ്‍വേ വികസിപ്പിച്ചപ്പോള്‍ തന്നെ കിയാലിന്‍െറ കൈയില്‍ 1300ലേറെ ഏക്കര്‍ ഭൂമി ലഭിച്ചു. 2008ലെ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് കിന്‍ഫ്രയെ ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് 1726 ഏക്കര്‍ കിന്‍ഫ്ര ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് കിയാലിന് കൈമാറിയത് 1187 ഏക്കര്‍ മാത്രം. ജനങ്ങളുടെ പുനരധിവാസത്തിന് 160 ഏക്കര്‍ ഏറ്റെടുക്കാനാണ് ഉത്തരവുണ്ടായിരുന്നത്. എന്നാല്‍, പുനരധിവാസത്തിന് ഇതുവരെയായി 17.70 ഏക്കറേ നല്‍കേണ്ടി വന്നിട്ടുള്ളൂ. ശേഷിച്ച 520 ഏക്കര്‍ ഭൂമി കിന്‍ഫ്രയുടെ കൈയിലാണ്. ഇതിന് പുറമെയാണ് വീണ്ടും 135.54 ഏക്കര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. അതിന് പുറമെ 95 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള സര്‍വേയും നടക്കുകയാണ്. കെ.എസ്.ഇ.ബിക്കും റോഡിനും മറ്റുമായി നേരത്തേതന്നെ 55 ഏക്കറോളം നീക്കിവെച്ചിരുന്നു. 1999ല്‍ സര്‍ക്കാര്‍ നേരിട്ട് 192 ഏക്കറും പിന്നീട് കിയാല്‍ നേരിട്ട് 11 ഏക്കറും ഏറ്റെടുത്തിരുന്നതാണ്.
അതിനു പുറമെ ഏറ്റെടുത്തതില്‍ കിന്‍ഫ്രയുടെ കൈയിലുള്ള 500 ഏക്കറിലാണ് ഹോട്ടല്‍ ലോബി കണ്ണുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.