കണ്ണൂർ വിമാനത്താവളം സ്വപ്നസാക്ഷാത്കാരത്തിനരികെ
text_fieldsമട്ടന്നൂർ: മലബാർ മേഖലയുടെ സ്വപ്നമായ കണ്ണൂർ വിമാനത്താവളം സാക്ഷാത്കാരത്തിനരികെ. 95 ശതമാനം നിർമാണം പൂർത്തിയായ വിമാനത്താവളത്തിെൻറ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധികൃതർ. 2018 ജനുവരിയിൽ മലബാറുകാർക്കുള്ള പുതുവത്സരസമ്മാനമായി പരീക്ഷണപ്പറക്കൽ നടത്താനുള്ള ഒരുക്കം പുരോഗമിക്കുന്നതായി വിമാനത്താവള കമ്പനിയായ കിയാൽ മാനേജിങ് ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു. വ്യോമയാന വകുപ്പിൽനിന്ന് വിമാനത്താവളത്തിന് ലൈസൻസും അനുബന്ധ അനുമതികളും കിട്ടിയാൽ സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയോടെ നിർമാണപ്രവർത്തനങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന ജോലികളും പൂർത്തിയാകും. പിന്നീട് വിമാനത്താവള ലൈസൻസ് കിട്ടുന്നമുറക്ക് ഉദ്ഘാടനം നടത്താനാകും. ഗ്രീൻഫീൽഡ് വിമാനത്താവളമെന്ന നിലയിൽ ഉന്നത സാങ്കേതിക സംവിധാനങ്ങളും ഉയർന്ന മാനദണ്ഡങ്ങളുമാണ് കിയാൽ ഒരുക്കേണ്ടത്. കസ്റ്റംസ്, എമിേഗ്രഷൻ, സുരക്ഷാസംവിധാനങ്ങൾ എന്നിവ സജ്ജമാക്കണം. ഈ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സുരക്ഷാകാര്യങ്ങൾക്ക് സി.ഐ.എസ്.എഫിലെ 634 പേരെ കിയാൽ വിമാനത്താവളത്തിനായി നിയോഗിക്കാൻ ഉത്തരവായിട്ടുണ്ട്. എമിേഗ്രഷൻ ചുമതല കേരള പൊലീസിനാണ്. ഇതിനായി 145 പേരെ അനുവദിക്കാൻ തീരുമാനമായി. കസ്റ്റംസിെൻറ 78 പേരെയും നിയോഗിക്കും.
റൺവേ 3400 മീറ്ററാക്കും. ഇതിൽ 3050 മീറ്ററിെൻറയും പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. റൺവേ 4000 മീറ്ററാക്കുന്നതിന് സർക്കാർ ഉത്തരവും മറ്റുനടപടികളും ആയിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർേവനടപടികളും തുടങ്ങി. എയർ ട്രാഫിക് കൺേട്രാൾ കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു. 1923 ചതുരശ്ര മീറ്ററാണ് ഇതിെൻറ വിസ്തൃതി. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് 95,000 ചതുരശ്ര മീറ്ററാണ് വിസ്തൃതി. 750 മീറ്റർ നീളത്തിൽ ഫ്ലൈ ഓവറും പൂർത്തിയായി.
സുരക്ഷാ അനുമതി ലഭിക്കാൻ നിയമനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡിസംബർ 31ഓടെ നിയമനങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളിലുള്ളവർക്ക് മുൻഗണന എന്നത് മാറ്റി സംവരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരം തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 22 പേരെ നിയമിച്ചു. എട്ടുപേരെ യോഗ്യത നേടുന്നമുറക്ക് നിയമിക്കാനും ധാരണയായിട്ടുണ്ട്. 15 പേർക്കുകൂടി ഈ വിഭാഗത്തിൽ താമസിയാതെ നിയമനം നൽകാനാകുമെന്നും ബാലകിരൺ അറിയിച്ചു.
പാർക്ക് ചെയ്യാം 20 വിമാനങ്ങളും 700 കാറുകളും
മട്ടന്നൂര്‍: 95,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം, 20 വിമാനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം, 31.65 മീറ്റര്‍ ഉയരത്തില്‍ 1923 ചതുരശ്ര മീറ്ററില്‍ എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടം. 750 മീറ്റര്‍ നീളത്തില്‍ ഫ്ലൈഓവറും ഇതിനകം പൂർത്തിയായിട്ടുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും പാര്‍ക്ക് ചെയ്യാനുള്ള കേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. വിമാനത്താവളത്തില്‍ രണ്ടു ഫയര്‍സ്റ്റേഷനും 48 ചെക്കിങ് കൗണ്ടറും 16 എമിഗ്രേഷന്‍ കൗണ്ടറും 16 കസ്റ്റംസ് കൗണ്ടറും 12 എസ്കലേറ്ററും 12 എലിവേറ്ററും ഉണ്ടായിരിക്കും. ബോയിങ് 777, ബോയിങ് 747 എന്നീ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സർവിസ് നടത്തുക. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 2500 മുതൽ 3000 പേർക്കുവരെ നേരിട്ട് തൊഴിൽ ലഭിക്കും. വിമാനത്താവളം പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെയായിരിക്കും ഇത്.
2061 ഏക്കര്‍ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. നിലവില്‍ 3050 മീറ്റര്‍ റണ്‍വേ എന്നത് 4000 മീറ്ററാക്കി ഉയര്‍ത്താന്‍ 259.5 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതോടെ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി കണ്ണൂര്‍ വിമാനത്താവളം മാറും. വിമാനത്താവളത്തിലേക്കുള്ള ആറു സുപ്രധാന റോഡുകളുടെ വികസനം ഉടന്‍ നടക്കുമെന്നും കിയാൽ മാനേജിങ് ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു. ഡെപ്യൂട്ടി എൻജിനീയര്‍ ജയരാജ്, ഡെപ്യൂട്ടി മാനേജര്‍ ബിജു, ഫയര്‍ ഹെഡ് ഇ. ഷൗക്കത്തലി, അനൂപ് ചുള്ളിയില്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.