പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂര്‍ വിമാനത്താവളം സജ്ജം
text_fieldsമട്ടന്നൂര്‍: വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സജ്ജം. വിമാനത്താവളത്തിലേക്ക് ചൊവ്വാഴ്ച ആദ്യ വിമാനമെത്തും. എല്ലാ ഒരുക്കങ്ങളുമായി ജില്ല ഭരണകൂടവും സജീവമായി രംഗത്തുണ്ട്. വിമാനത്താവള പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവങ്ങള് നല്‍കിയിട്ടുണ്ട്. ഏപ്രണ്‍ മേഖലയില്‍നിന്ന് പരിശോധന നടത്തി കോവിഡ് ബാധയുള്ളവരെ ആംബുലന്‍സിലേക്ക് മാറ്റും. രോഗബാധയില്ലാത്തവരെ പാസഞ്ചര്‍ ടെര്‍മിനലിലേക്ക് കടത്തിവിടും. ടണല്‍ വഴിയാണ് ഇവരുടെ ലഗേജും പാസഞ്ചറും പുറത്തേക്ക് വരുക. ജില്ലകളാക്കി തിരിച്ചാണ് ഇവരുടെ പരിശോധന നടക്കുക.
കണ്ണൂരിനെ താലൂക്കുകളായി തിരിച്ച് പരിശോധന നടത്തും. റവന്യു വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് ഈ നടപടി പൂര്‍ത്തിയാക്കുക. ആരോഗ്യ വകുപ്പിെൻറ പ്രത്യേക ടീം വിമാനത്താവളത്തില്‍ കേന്ദ്രീകരിക്കും.
വിമാനത്താവളത്തിലെ യാത്രികരുമായി നേരിട്ട് ബന്ധമുണ്ടാകുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് പി.പി.ഇ. കിറ്റ് വിതരണം ചെയ്യും. ലാൻഡിങ് നടത്തുന്ന ഓരോ വിമാനങ്ങള്‍ക്കും അണുനശീകരണം നടത്തും. വിമാനത്താവളത്തിലെത്തുന്ന എല്ലാ വാഹനങ്ങളും പാസഞ്ചറുടെ ലഗേജുകളും അണുനശീകരണത്തിന് വിധേയമാക്കും. അതത് ദിവസത്തെ ജോലിയില്‍ ഏര്‍പ്പെടുന്ന വിമാനത്താവളത്തിലെ തൊഴിലാളികള്‍ പിന്നീട് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറും.
ഇത്തരത്തില്‍ വിപുലമായ ഒരുക്കത്തോടെയാണ് ചൊവ്വാഴ്ച വിമാനമെത്തുന്നത്. പ്രവാസികള്‍ക്ക് നിരീക്ഷണ കേന്ദ്രമൊരുക്കുന്നതിന് മട്ടന്നൂര്‍ നഗരസഭയില്‍ മാത്രം ലോഡ്ജുകളും കെട്ടിടങ്ങളും ഇതിനോടകം തന്നെ തയാറാക്കിയിട്ടുണ്ട്.
കൂടുതല്‍ ആളുകളെത്തുന്നതോടെ കൂടുതല്‍ സൗകര്യമൊരുക്കാനാണ് അധികൃതരുടെ ശ്രമം. ചൊവ്വാഴ്ച എത്തുന്ന വിമാനത്താവളത്തിലെ ആദ്യ യാത്രികര്‍ക്ക് നല്‍കേണ്ട ഭക്ഷണം മട്ടന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചിരിക്കുകയാണ്. ഇതിനിടെ, ഇതര സംസ്ഥാനത്തുനിന്നും മറ്റു ജില്ലകളില്‍നിന്നും എത്തുന്ന മലയാളികള്‍ക്ക് താമസിക്കാൻ രണ്ടു കെട്ടിടങ്ങളാണ് ഒരുക്കിയത്. ഇവിടെ നിലവില്‍ ഏഴു പേര് നിരീക്ഷണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.