പാണക്കാട്ടെ മട്ടൺ ബിരിയാണി, എ.കെ.ജി സെന്ററിലെ ഉണക്കമീൻ
text_fields‘ഈ പറമ്പിൽ സ്റ്റീൽ ബോംബുണ്ട്, സൂക്ഷിക്കുക’ എന്നൊരു ബോർഡ് കണ്ണൂർ ജില്ലയിലെ പറമ്പുകളിലൊക്കെ സ്ഥാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശം. കണ്ണൂരിൽ പലയിടത്തും ഇത്തരം സ്റ്റീൽ ബോബുകൾ ഉണ്ടാക്കി വെച്ചിട്ടുണ്ടെത്രെ. ‘സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറന്നു നോക്കരുതെന്ന നിർദേശം കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നൽകണമെന്ന ഉപദേശവും.
തലശ്ശേരിയിൽ നാളികേരം പെറുക്കുന്നതിടെ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടി മരിച്ച ദാരുണമായ സംഭവം സണ്ണിജോസഫ് സഭയിലുയർത്തിയപ്പോൾ തീയും പുകയുമൊക്കെ ഉയരുമെന്ന് പ്രതീക്ഷച്ചതാണ്. പൊട്ടലിനും ചീറ്റലിനുമപ്പുറത്തേക്കൊന്നുമത് പോയില്ല. ബോംബ് കഥകൾ പ്രതിപക്ഷം നിരത്തിയപ്പോൾ കണ്ണൂരിലെ ബോംബിന്റെ തുടക്കം എവിടെനിന്നെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ബോംബേറിൽ കൊല്ലപ്പെട്ട ബീഡി തൊഴിലാളി കുളങ്ങരേത്ത് രാഘവനെ ഓർമയില്ലേ? മറുഭാഗത്ത് പ്രതികരണമൊന്നുമുണ്ടായില്ല. ഡി.സി.സി. ഓഫിസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ചില്ലേ?. ഇതു പുക മാത്രം വരുന്നത്, ഇതു മാരക ശേഷിയുള്ളത് എന്ന് മാധ്യമങ്ങൾക്ക് കാണിച്ചുകൊടുത്തില്ലേ?. മുഖ്യമന്ത്രി തിരിച്ചടിച്ചു. കണ്ണൂരിലെ ബോംബ് കഥകളൊക്കെ വന്നപ്പോൾ സച്ചിൻദേവ് അടക്കം ചില ഭരണപക്ഷാംഗങ്ങൾ ബഹളം കൂട്ടി. ഞാൻ ട്രാൻസ്പോർട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല, ബോംബ് നിർമാണ കാര്യമാണ് പറഞ്ഞതെന്നായി സതീശൻ. സച്ചിൻദേവ് ശാന്തൻ.
പാണക്കാട് പാർട്ടി യോഗം ചേരുമ്പോൾ നല്ല മട്ടൻ ബിരിയാണിയൊക്കെ തിന്ന് തീരുമാനം തങ്ങളെ ഏൽപിച്ചു പിരിയുകയാണ് ലീഗിന്റെ ശൈലിയെന്ന് കെ. ബാബു (നെന്മാറ) പരിഹസിച്ചു. ലീഗിനെ ഇന്ത്യൻ നാഷനൽ മലപ്പുറം ലീഗെന്ന് കൂടി ആക്ഷേപിച്ചപ്പോൾ കേട്ടിരിക്കാൻ എൻ.എ. നെല്ലിക്കുന്നിന് കഴിഞ്ഞില്ല. എ.കെ.ജി സെന്ററിൽ ഉണ്ണക്ക മീൻ കഴിച്ചാണോ പാർട്ടി യോഗം ചേരുന്നതെന്ന് നെല്ലിക്കുന്ന് ക്ഷോഭിച്ചു. ഞങ്ങൾ ബിരിയാണി കഴിക്കും. ആളുകൾക്കും നൽകും. പാവങ്ങൾക്കൊപ്പം നിലനിൽക്കും. മരാമത്ത്, ടൂറിസം, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയിലും തെരഞ്ഞെടുപ്പിന്റെ ഹാങ്ഓവർ ഇരുപക്ഷത്തിനും മാറിയില്ല. തോറ്റിട്ടും ഇടത് നേതാക്കളുടെ പ്രസംഗം കേട്ടിട്ട് തിരുവനന്തപുരം കാഴ്ചബംഗ്ലാവിലെ കാണ്ടാമൃഗം ഞാനല്ല മറ്റൊരാളാണ് ഇവിടെ ഇരിക്കേണ്ടതെന്നാണ് പറയുന്നതെന്നായി നെല്ലിക്കുന്ന്. നിങ്ങളുടെ തൊലിക്കട്ടിയുടെ മേൽ കാണ്ടാമൃഗത്തിന്റേത് മൃദു ചർമമായി മാറിയത്രെ. കാണ്ടാമൃഗം ഇവിടെനിന്ന് നേരെ തൃശൂർ ഡി.സി.സിയിലേക്കാണ് ഓടിയതെന്ന് യു. പ്രതിഭ തിരിച്ചടിച്ചു. ഇനി വട്ടിയൂർക്കാവിൽ കാണുമെന്ന് കെ. മുരളീധരൻ പറഞ്ഞിരിക്കെ വി.കെ. പ്രശാന്തിന് ശാന്തനാകാനാകില്ലല്ലോ. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ കെ. മുരളീധരൻ കൂടി കൈ കൊടുത്തുവെന്ന് സംശയിക്കുന്നുവെന്നും ഇക്കാരും കൂടി പരിശോധിക്കണമെന്നുമായി അദ്ദേഹം.
മരാമത്ത് വകുപ്പിൽ കാര്യങ്ങൾ ഒച്ചിഴയും വേഗത്തിലാണെന്ന് സജീവ് ജോസഫിന് തോന്നുമ്പോൾ കൊടുങ്കാറ്റിന്റെ വേഗമാണ് കെ.യു. ജെനീഷ് കുമാറിന് അനുഭവപ്പെട്ടത്. വെട്ടുകിളികളും വയൽക്കിളികളും തണ്ടുതുരപ്പന്മാരും വഴിമുടക്കിയിട്ടും അതിജീവിച്ച് പൂർത്തിയാക്കാൻ പോകുന്ന ദേശീയപാത കെ. ബാബുവിനെ (നെന്മാറ) കോൾമയിർ കൊള്ളിച്ചു. പല റോഡുകളിലും ബോട്ട് ഓടിക്കേണ്ട സ്ഥിതിയെന്ന് സജീവ് ജോസഫ്. ടൂറിസം മന്ത്രി ബേപ്പൂരിന്റെ മാത്രം മന്ത്രിയാണോ എന്ന് സനീഷ് കുമാർ ജോസഫിന് സംശയം. യു.ഡി.എഫിന്റെ കാലത്ത് മാവേലിസ്റ്റോറുകളിൽ കാലിച്ചാക്കും പെരുച്ചാഴികളുംമാത്രമാണ് ഉണ്ടായിരുന്നതെന്ന് ജി.എസ്. ജയലാൽ.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളെ അതിശക്തമായി എ.കെ.എം. അഷറഫ് ചോദ്യം ചെയ്തു. വിവിധ മേഖലകളിലെ കണക്ക് നിരത്തി വാദിച്ചു. വർഗീയ ധ്രുവീകരണ പ്രസംഗമാണ് അഷറഫ് നടത്തിയതെന്നായി ഡി.കെ. മുരളി. കാഫിർ പ്രയോഗത്തിന്റെ ഉപജ്ഞാതാവിനെ എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന് ടി. സിദ്ദീഖിന് അറിയണമായിരുന്നു. മുടക്കോഴി മലയിൽനിന്ന് കൊടിസുനിയെ പിടിച്ച തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് ഒരു പത്ത് മിനിറ്റ് നൽകാമോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.