ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന് നാട് വിടനൽകി
text_fieldsതലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആയിനാട്ട് വേലായുധന് നാടിന്റെ കണ്ണീർ പ്രണാമം. കുടക്കളത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരമർപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് എരഞ്ഞോളി കുടക്കളത്തെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാനെത്തിയ ആയിനാട്ട് വേലായുധൻ സ്റ്റീൽ ബോംബ് സ്ഫോടനത്തിൽ മരിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മൃതശരീരം വീട്ടിലെത്തിച്ചു. നിയുക്ത എം.പി ഷാഫി പറമ്പിൽ, സി.പി.എം നേതാക്കളായ എം.സി. പവിത്രൻ, കാരായി രാജൻ, സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.പി. സനിൽ, മുഹമ്മദ് അഫ്സൽ, ടി.പി. ശ്രീധരൻ, എ.കെ. രമ്യ, എം.പി. ശ്രീഷ, കോൺഗ്രസ് നേതാക്കളായ സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, കെ.പി. സാജു, സുശീൽ ചന്ത്രോത്ത്, വി.സി. പ്രസാദ്, കെ. കമൽജിത്ത്, മുസ്ലിം ലീഗ് നേതാക്കളായ എ.കെ. ആബൂട്ടി ഹാജി, റഷീദ് കരിയാടൻ, സി.പി.ഐ നേതാക്കളായ സി.എൻ. ചന്ദ്രൻ, സി.പി. സന്തോഷ് കുമാർ, സി.പി. ഷൈജൻ, എ. പ്രദീപൻ, ബി.ജെ.പി ജില്ല പ്രസിഡൻ്റ് എൻ. ഹരിദാസ്, സി. രഘുനാഥ്, കെ. അജേഷ്, കെ. ലിജേഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
ഉച്ചക്ക് 2.15 ഓടെ കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. വേലായുധൻ കൊല്ലപ്പെട്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിനും സ്ഫോടക വസ്തു നിയന്ത്രണ നിരോധന നിയമപ്രകാരവും തലശ്ശേരി പൊലീസ് കേസെടുത്തു.
വേലായുധന്റെ മരണം: പൊലീസ് അന്വേഷണം തുടങ്ങി; അടച്ചിട്ട വീടുകളും ആളൊഴിഞ്ഞ പറമ്പുകളുമാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്
തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷമുൾപ്പെടെയുള്ള സംഭവങ്ങൾ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആരെയും പ്രതി ചേർത്തിട്ടില്ല.
പ്രതികളെകുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷയുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം. എരഞ്ഞോളിയിലും പരിസരത്തും പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്.
സമീപ ദിവസങ്ങളിലാണ് ബോംബ് എരഞ്ഞോളി കുടക്കളത്തെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ കൊണ്ടുവന്നിട്ടുണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്. ഏപ്രിലിൽ പാനൂരിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് വീണ്ടും മറ്റൊരു സ്ഫോടനം ജില്ലയിലുണ്ടായത്.
ബോംബ് സ്ഫോടന പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ നിർദേശത്തെ തുടർന്ന് വ്യാപക തിരച്ചിൽ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. പാനൂർ, തളിപ്പറമ്പ്, തലശ്ശേരി, ന്യൂമാഹി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന.
അടച്ചിട്ട വീടുകളും ആളൊഴിഞ്ഞ പറമ്പുകളുമാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇതിനായി ആൾതാമസമില്ലാത്ത വീടുകളുടെ ലിസ്റ്റ് തയാറാക്കി. സ്ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.