വിജിൻ എം.എൽ.എ പങ്കെടുത്ത കലക്ടറേറ്റ് മാർച്ച്: 100 നഴ്സുമാർക്കെതിരെ കേസ്
text_fieldsവിവിധ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എൻ.എ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉദ്ഘാടകനായ എം. വിജിൻ എം.എൽ.എ എസ്.ഐയുമായി കയർക്കുന്നു
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ 100 നഴ്സുമാർക്കെതിരെ ടൗൺപൊലീസ് കേസെടുത്തു. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവൺമെൻറ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഇന്നലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയത്.
എം. വിജിൻ എം.എൽ.എ ആയിരുന്നു ഉദ്ഘാടകൻ. മാർച്ച് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നതിനെ തുടർന്ന് പൊലീസും എം.എൽ.എയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. എസ്.ഐ എം.എൽ.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്.
കലക്ടറേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. സാധാരണ ഇത്തരത്തിൽ പ്രകടനമായി എത്തുന്ന ആളുകളെ ഗേറ്റിനുസമീപം പൊലീസ് തടയുകയാണ് പതിവ്. എന്നാൽ, ഈ സമയം അവിടെ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ഇതോടെ പ്രവർത്തകർ കലക്ടറേറ്റിൽ കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തിയാണ് ഇവരെ തടഞ്ഞത്.
ഉടൻ ടൗൺ എസ്.ഐ പി.പി ഷമീമും സ്ഥലത്തെത്തി. പ്രകടനമായി ഇവിടെ വന്ന് ശരിയായില്ലെന്നും കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു.എം.എൽ.എ അടക്കമുള്ള ആളുകളോട് കലക്ടറേറ്റിൽ നിന്ന് ഇറങ്ങി പോകാനും പൊലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് എം.എൽ.എയും എസ്.ഐയും തമ്മിൽ വാക്കേറ്റമുണ്ടായത്.
കലക്ടറേറ്റിനുള്ളിൽ വെച്ച് ഉദ്ഘാടനത്തിനായി വിജിൻ മൈക്ക് കയ്യിലെടുത്തതോടെ എസ്.ഐ തടഞ്ഞു. സംഭവത്തിൽ മുഴുവൻ ആളുകൾക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകൾ എഴുതിയെടുക്കണമെന്നും എസ്.ഐ പറഞ്ഞു. തുടർന്ന് എം.എൽ.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചത് വിജിനെ പ്രകോപിപ്പിച്ചു. പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും ‘സുരേഷ് ഗോപി കളിക്കരുതെന്നും’ എം.എൽ.എ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഭാരവാഹികളടക്കം 100 പേർക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിച്ചുവെന്നാണ് എഫ്.ഐ.ആർ. അതേസമയം എം.എൽ.എക്കെതിരെ കേസില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.