സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എമ്മിന് 47,000 രൂപ പിഴ ചുമത്തി കണ്ണൂർ കോർപറേഷൻ
text_fieldsകണ്ണൂർ: പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എമ്മിന് കണ്ണൂർ കോർപറേഷൻ 47,000 രൂപ പിഴ ചുമത്തി. ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിനും റാലിക്കും ഉപയോഗിച്ച ജവഹർ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോർപറേഷൻ യോഗത്തിൽ 47,000 രൂപ പിഴയീടാക്കാൻ തീരുമാനിച്ചത്.
ഇതിനെ തുടർന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നതിനായി സി.പി.എം കരുതല്‍ നിക്ഷേപമായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. പിഴയിനത്തിൽ ബാക്കിയുള്ള തുക എഴുതിത്തള്ളാനുമാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെക്കാതെയാണ് പിഴയീടാക്കാനുള്ള തീരുമാനം.
അതേസമയം, പിഴയിടൽ നടപടിയെ രാഷ്ട്രീയമായി എതിരിടാനാണ് സി.പി.എം തീരുമാനം. സി.പി.എമ്മിന് പിഴ ചുമത്തിയ കോർപറേഷൻ നടപടി രാഷ്ട്രീയ വിവരക്കേടാണെന്നും പാർട്ടി കോൺഗ്രസിന് വേണ്ടി സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ അവസ്ഥ പരിതാപകരമായിരുന്നുവെന്നും പിഴ ഈടാക്കിയ തുക ഉപയോഗിച്ചെങ്കിലും ശുചീകരണം നടത്തണമെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. കാടുമൂടിയ സ്റ്റേഡിയം പാർട്ടി കോൺഗ്രസിന് വിട്ടുനൽകുമ്പോൾ കോർപറേഷൻ ശുചീകരിച്ചിരുന്നില്ല. സി.പി.എം പ്രവർത്തകരാണ് അന്ന് സ്റ്റേഡിയം ശുചീകരിച്ചത്. അതിന്റെ ബില്ല് കോർപ്പറേഷനിൽ സമർപ്പിക്കും. ആ തുക മടക്കി നൽകണമെന്നും ജവഹർ സ്റ്റേഡിയത്തെ മാലിന്യംതള്ളൽ കേന്ദ്രമാക്കി ഉപയോഗ ശൂന്യമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എം.വി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.