മേയർ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കണ്ണൂർ കോർപറേഷൻ; ജനുവരി മൂന്നാം വാരത്തോടെ പുതിയ നഗരപിതാവ്
text_fieldsകണ്ണൂർ: മേയര് രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാർഥിയെ മുസ്ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂർ കോർപറേഷൻ ഒരിക്കൽ കൂടി മേയർ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പതിവുപോലെ നടക്കും. 55 അംഗ കൗൺസിലിൽ യു.ഡി.എഫിന് ബഹൂഭൂരിപക്ഷമുള്ളതിനാൽ തെരഞ്ഞെടുപ്പിന് പ്രസക്തിയില്ലെങ്കിലും എൽ.ഡി.എഫിനും മേയർ സ്ഥാനാർഥിയുണ്ടാവും.
മേയർ രാജിവെച്ച വിവരം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനീയർ മണികണ്ഠ കുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായി. 14 ദിവസത്തിനകം കമീഷണർ ഇക്കാര്യം ജില്ല കലക്ടറെ അറിയിക്കും. കലക്ടർ തെരഞ്ഞെടുപ്പ് തീയതി കുറിച്ച ശേഷം മുഴുവൻ കൗൺസിലർമാരെയും അറിയിക്കും. മേയർ സ്ഥാനത്തേക്ക് നാമനിർദേശം ക്ഷണിക്കുകയും പത്രിക പരിശോധിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്യും. തുടർന്ന് ഓപൺ വോട്ടെടുപ്പിലൂടെയാണ് മേയറെ തെരഞ്ഞെടുക്കുക. ജനുവരി മൂന്നാം വാരത്തോടെ പുതിയ മേയറെ തെരഞ്ഞെടുക്കും.
നിലവിൽ മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷനായിരുന്ന മുസ്ലിഹ് മഠത്തിലിനെ ബുധനാഴ്ചയാണ് സംസ്ഥാന നേതൃത്വം മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
അഡ്വ. ടി.ഒ. മോഹനൻ മേയറായപ്പോൾ എതിരെ മത്സരിച്ച എൻ. സുകന്യ തന്നെ എൽ.ഡി.എഫിന് വേണ്ടി ഇത്തവണയും മത്സരിക്കാനാണ് സാധ്യത. നിലവിൽ പ്രതിപക്ഷ നേതാവിന്റെ ചുമതല അവർക്കാണ്.
ഇതോടൊപ്പം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൻ മുസ്ലിം ലീഗിലെ ഡെപ്യൂട്ടി മേയർ കെ. ഷബീനയും രാജിവക്കും. കോൺഗ്രസിലെ അഡ്വ. പി. ഇന്ദിര ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ധാരണയായിട്ടുണ്ട്. 55 ഡിവിഷനുകളുള്ള കോർപറേഷനിൽ യു.ഡി.എഫിന് 35 അംഗങ്ങളാണുള്ളത്. ഇതിൽ കോൺഗ്രസ് 21, മുസ്ലിം ലീഗ് 14 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസ് അംഗങ്ങളിൽ രണ്ടു പേർ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലാണ്.
എൽ.ഡി.എഫിന് 19ഉം ബി.ജെ.പിക്ക് ഒരു കൗൺസിലറുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.