എക്സൈസ് ഡ്രൈവറുടെ സമ്പർക്കപട്ടിക അതിസങ്കീർണം
text_fieldsകണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂർ സ്വദേശി എക്സൈസ് ഡ്രൈവർ സുനിൽ കുമാറിെൻറ സമ്പർക്കപട്ടിക അതിസങ്കീർണം. ഇദ്ദേഹവുമായി അടുത്തിടപഴകിയ നൂറോളം പേരുടെ സമ്പർക്കപട്ടിക പ്രാഥമികമായി ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. എന്നാൽ, എണ്ണം വർധിക്കാനാണ് സാധ്യതയെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫിസിലെ സഹപ്രവർത്തകരായ 18 പേർ, ബ്ലാത്തൂരിലെ കുടുംബത്തിലെ 10 പേർ, ഇദ്ദേഹവുമായി അടുത്തിടപഴകിയ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായ 69 പേർ എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയ പട്ടിക. ബ്ലാത്തൂർ മേഖലയിൽ കൂടുതൽ പേർ നിരീക്ഷണത്തിലായേക്കുമെന്നാണ് കരുതുന്നത്.
ഒരാഴ്ച മുമ്പ് നാട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ചിരുന്നു. നാട്ടിൽ നടന്ന കല്യാണത്തിലും സുനിൽ കുമാർ പങ്കെടുത്തതായാണ് വിവരം. പ്രൈമറി, സെക്കൻഡറി സമ്പർക്കപട്ടികയിൽ ഏകദേശം 500 പേർ ഉൾപ്പെടുമെന്നാണ് പടിയൂർ പഞ്ചായത്തിെൻറ കണ്ടെത്തൽ. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ ഞായറാഴ്ച സുനിൽ കുമാറിനെ പ്രവേശിപ്പിച്ച ഇരിക്കൂറിലെ ആശുപത്രിയിലെ ജീവനക്കാരും ഇദ്ദേഹം ഇടപഴകിയ കടകളിലുള്ളവരും നിരീക്ഷണത്തിലാണ്. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയും കൂലിത്തൊഴിലാളിയായ സഹോദരനും ഒരുപാട് പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച ശേഷം ആവശ്യമായവരുടെ സാമ്പിളുകൾ പരിശോധനക്കായി ആരോഗ്യ വകുപ്പ് എടുക്കും. മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫിസിലെ സഹപ്രവർത്തകരായ 18 പേരുടെ സാമ്പിൾ പരിശോധന വ്യാഴാഴ്ച പൂർത്തിയായി.
ശ്വാസകോശത്തിലെ ക്ഷതം രോഗാവസ്ഥ സങ്കീർണമാക്കി
പയ്യന്നൂർ: കോവിഡ് -19നൊപ്പം ശ്വാസകോശത്തിലെ ഗുരുതര രോഗം മൂർച്ഛിച്ചതാണ് എക്സൈസ് ഓഫിസ് ഡ്രൈവർ സുനിൽ കുമാറിനെ രക്ഷിക്കുന്നതിന് തടസ്സമായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നും തീർത്തും ഗുരുതരാവസ്ഥയിൽ 14നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
നേരത്തെ സ്വകാര്യ ക്ലിനിക്കിൽ പനി, വയറിളക്കം എന്നിവക്കായി ചികിത്സ തേടിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ഓക്സിജൻ തെറപ്പി, ആൻറിബയോട്ടിക്, ആൻറി വൈറൽ മരുന്നുകൾ നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അന്ന് രാത്രിതന്നെ എൻ.ഐ.വി മാസ്ക്കുള്ള വെൻറിലേറ്ററിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കായി സ്രവം അയക്കുകയും ചെയ്തു.
തിങ്കളാഴ്ച പനി കുറയാത്തതിനാൽ ആൻറിബയോട്ടിക്കുകളുടെ അളവിൽ മാറ്റം വരുത്തിയിരുന്നു. ചൊവ്വാഴ്ചയായപ്പോഴേക്കും പനി കുറഞ്ഞെങ്കിലും ശ്വാസതടസ്സം അധികമായി. എക്സ്- റെയിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായും കണ്ടെത്തി. 17ാം തീയതി കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രോഗിയുടെ ആരോഗ്യനില സമയാസമയം വിലയിരുത്തിയിരുന്നു. പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ രക്തസമ്മർദം താഴുകയും മരുന്നുകളോട് പ്രതികരിക്കുന്നത് കുറയുകയുമായിരുന്നു.
പ്രോട്ടോകോൾ പ്രകാരമുള്ള മരുന്നുകൾ തുടർന്നിരുന്നു. വ്യാഴാഴ്ച രാവിലെ സുനിൽ കുമാറിെൻറ നില അതീവ ഗുരുതരാവസ്ഥയിലാവുകയും 9.55ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
സംസ്കാരം
മാനദണ്ഡങ്ങൾ പാലിച്ച്
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ പടിയൂരിലെത്തിച്ച മൃതദേഹം 5.30ഓടെ സംസ്കരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് ശ്മശാനത്തിൽ 10 അടി താഴ്ചയിൽ കുഴിയെടുത്തായിരുന്നു സംസ്കാരം. ജമാഅത്തെ ഇസ്ലാമി കേരളയുടെ സന്നദ്ധ വിഭാഗമായ ഐ.ആർ.ഡബ്ല്യു വളൻറിയർമാരാണ് സംസ്കാരത്തിന് നേതൃത്വം നൽകിയത്. ജില്ല ലീഡർ കെ.കെ. ഫിറോസിെൻറ നേതൃത്വത്തിൽ വളൻറിയർമാരായ കെ.എം. അഷ്ഫാഖ്, ഡോ.എൻ. മിസ്ഹബ്, നൂറുദ്ദീൻ, അബ്ദുസ്സലാം, അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.