പി.കെ. കുഞ്ഞനന്തന് പൊലീസുകാരുടെ ആദരവ്; ഡി.സി.സി പ്രസിഡൻറ് പരാതി നൽകി
text_fieldsകണ്ണൂർ: െറവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത കേസിൽ ഗൂഢാലോചന കുറ്റത്തിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി കുഞ്ഞനന്തൻ കഴിഞ്ഞദിവസം മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിെൻറ ചിത്രസഹിതം ഫാഷിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധത്തിെൻറ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽസലാം എന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും വാട്സ് ആപ് സ്റ്റാറ്റസായി സെറ്റ് ചെയ്യുകയും ചെയ്ത് കൊലക്കേസ് പ്രതിയോട് ആദരവ് കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് ചീഫിന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പരാതി നൽകി.
കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനും കണ്ണൂർ ഡിവൈ.എസ്.പിയുടെ ഗൺമാനുമായ ഒ.പി. റനീഷ്, പൊലീസുകാരായ അഖിൽ മേലെക്കണ്ടി, രതീഷ്, പി.സി. ഷിഹാബ് എന്നിവർക്കെതിരെയാണ് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
കൊലക്കേസ് ഗൂഢാലോചന കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നീതിന്യായവ്യവസ്ഥ കുറ്റക്കാരനായി കാണുകയും ശിക്ഷിക്കുകയും ചെയ്ത ജീവപര്യന്തം തടവുകാരനെ മരണശേഷം മഹത്വവത്കരിക്കാനും, ശിക്ഷിച്ച നീതിന്യായ കോടതിയുടെ നടപടി ഫാഷിസമാണെന്ന് ധ്വനിപ്പിക്കുകയും ചെയ്ത്, നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചാരണം നടത്തിയത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധ പ്രവൃത്തിയുമാണെന്ന് പരാതിയിൽ പറയുന്നു.
സർവിസിലിരുന്ന് നിയമലംഘനം നടത്തുകയും പാർട്ടി പ്രവർത്തകരെപ്പോലെ രാഷ്ട്രീയ പ്രചാരണം നടത്തുകയും കോടതി വിചാരണയും ശിക്ഷാവിധിയും ഫാഷിസമാണെന്ന് പരസ്യമായി എഴുത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് ഗുരുതരമായ കുറ്റകൃത്യം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും ഉചിതമായ ക്രിമിനൽ നിയമ നടപടികൾ കൈക്കൊണ്ട് നീതി ഉറപ്പുവരുത്തണമെന്നും സതീശൻ പാച്ചേനി ജില്ല പൊലീസ് ചീഫ് യതീഷ് ചന്ദ്രക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.