സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ്
text_fieldsകണ്ണൂർ: കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്‍ലിം ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതാണ് കരിങ്കൊടി പ്രതിഷേധത്തിന് വഴിവെച്ചത്. സുധീഷിന്‍റെ തലയിൽ വയർലെസ് സെറ്റ് കൊണ്ട് അടിച്ച പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
കല്യാശ്ശേരിയിൽ നടന്നത് ചാവേർ ആക്രമണമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറയുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി രണ്ടു പേർ കരിങ്കൊടി കാണിച്ചതാണോ ചാവേർ ആക്രമണം. ചാവേർ ആക്രമണം നടന്നുവെന്ന് പറഞ്ഞ് കൂടുതൽ അക്രമങ്ങൾക്ക് സി.പി.എം പ്രോത്സാഹനം കൊടുക്കുകയാണ്.
കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് എതിരാണ്. സർക്കാർ നടത്തുന്ന നവകേരള യാത്രയുടെ ഒരുക്കങ്ങളെ കുറിച്ച് പത്രസമ്മേളനം നടത്തിയത് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ്. യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പറയേണ്ടത് ചീഫ് സെക്രട്ടറിയോ ജില്ല കലക്ടറോ ആണ്. ഇക്കാര്യം പറയാൻ ജയരാജനെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മാർട്ടിൻ ജോർജ് ചോദിച്ചു.
എ.ഡി.എം അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ടു പോയാണ് യാത്രക്കുള്ള പിരിവ് നടത്തുന്നത്. നവകേരള യാത്രക്കായി പിരിച്ച പണത്തിന്‍റെ കണക്കില്ല. കുടുംബശ്രീക്കാരിൽ നിന്നുവരെ പിരിച്ചിട്ടുണ്ട്. നവകേരള സദസ് ഒരു സി.പി.എം പരിപാടിയായി മാറിയത് കൊണ്ടാണ് ജയരാജൻ കാര്യങ്ങൾ വിശദീകരിച്ചതെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.