തെരുവു നായ്ക്കളുടെ ദയാവധത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പേ പിടിച്ചവയോ അതി അപകടകാരികളോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. സംസാരശേഷിയില്ലാത്ത നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സാഹചര്യത്തിലാണ് നടപടി.
കണ്ണൂർ ജില്ലയിൽ 2019 മുതൽ ഇതുവരെ നടന്ന തെരുവുനായ്ക്കളുടെ ആക്രമണം 35,000 കവിഞ്ഞുവെന്ന് ജില്ലാ പഞ്ചായത്ത് ഹരജിയിൽ ബോധിപ്പിച്ചു. 2019ൽ 5794, 2020ൽ 3951, 2021ൽ 7927, 2022ൽ 11776, 2023 ജൂൺ 19 വരെ 6276 എന്നിങ്ങനെയാണ് ജില്ലയിലുണ്ടായ തെരുവുനായ് ആക്രമണമെന്ന് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ ഏകദേശം 28,000 തെരുവുനായ്ക്കളുണ്ട്. മനുഷ്യർക്കുനേരെയുള്ള ആക്രമണങ്ങൾക്ക് പുറമെ നിരവധി വളർത്തുമൃഗങ്ങളെയും ഇവ കടിച്ചുകൊന്നിട്ടുണ്ട്.
നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായ്ക്കളുടെ ആക്രമണം ഭയാനകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. സമാനമായ ആക്രമണത്തിൽ കോട്ടയത്ത് 12 വയസ്സുകാരൻ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്.
മറ്റൊന്നും ഫലപ്രദമല്ലാത്തതുകൊണ്ടാണ് പേ പിടിച്ചതും അത്യന്തം അപകടകാരികളുമായ നായ്ക്കളുടെ ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ ബോധിപ്പിച്ചു. തെരുവുനായ്ക്കൾക്കെതിരായ സുപ്രീംകോടതിയിലെ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നേരത്തെ കക്ഷി ചേർന്നിരുന്നു. ആ കേസ് നിലനിൽക്കേയാണ് ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വീണ്ടും സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.