കണ്ണൂര്‍ മയക്കുമരുന്ന് കേസ്; നൈജീരിയന്‍ വനിതയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍
text_fieldsകണ്ണൂര്‍: സംസ്ഥാനത്തെ പ്രധാന എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസില്‍ നൈജീരിയന്‍ സ്വദേശിനിയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍.
നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22), കണ്ണൂര്‍സിറ്റി മരക്കാര്‍കണ്ടിയില്‍ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയില്‍ മുഹമ്മദ് ജാബിര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രയിസിനെ ബംഗളൂരുവില്‍ വെച്ച് കണ്ണൂര്‍ അസി. കമീഷണര്‍ പി.പി. സദാനന്ദനാണ് അറസ്റ്റുചെയ്തത്. ജനീസും ജാബിറും നര്‍കോട്ടിക്‌സെല്‍ ഡിവൈ.എസ്.പി ജസ്റ്റിന്‍ എബ്രഹാമിന്റെ വലയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
നേരത്തേ പിടിയിലായ മുഖ്യപ്രതി നിസാമിന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടുലക്ഷം വീതം ദിവസവും നൈജീരിയന്‍ സ്വദേശികളായ ഷിബുസോര്‍, അസിഫ ടി. കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. ഇതേതുടര്‍ന്നുള്ള അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയ സംഘം വിദ്യാര്‍ഥികളായ ഇരുവരും പഠനം പൂര്‍ത്തിയാക്കി നൈജീരിയയിലേക്ക് മടങ്ങിയതായി മനസ്സിലായി.
ഇതിനിടെയാണ് പഠനം പൂര്‍ത്തിയാവാത്തതിനാല്‍ ഇതേവീട്ടില്‍ കഴിയുന്ന പ്രയിസിലേക്ക് അന്വേഷണം നീങ്ങിയത്. പ്രയിസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഓരോ മൂന്നു ദിവസത്തിലും 30,000 മുതല്‍ 80,000 രൂപവരെ അവരുടെ അക്കൗണ്ടില്‍ വരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ചാലാട് ഓഫിസ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്.
രണ്ടുകിലോയോളം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി രണ്ടാഴ്ച മുമ്പ് മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ അഫ്‌സലും ബൽകീസും പിടിയിലായതോടെയാണ് കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കേസുകളിലെ മുഖ്യപ്രതി തെക്കിബസാറിലെ നിസാം അബ്ദുൽ ഗഫൂർ (35), മുഴപ്പിലങ്ങാട് സ്വദേശി തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൽകീസ് ചരിയ (31), പുതിയങ്ങാടിയിലെ സി.എച്ച്. ഷിഹാബ് (35), തയ്യിലിലെ സി.സി. അന്‍സാരി (33), ഭാര്യ കുറുവ നേമൽ സി.സി. ശബ്ന എന്ന ആതിര അനി (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.