ഒരിക്കലും പ്രകാശിക്കാത്ത അഴിമതിയുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ
text_fieldsകണ്ണൂർ: കണ്ണൂർ കോട്ടയിൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിലൂടെ പാഴായത് ടൂറിസം വകുപ്പിെൻറ കോടിക്കണക്കിന് രൂപ. പാഴ്ചെലവിന് പുറമെ പദ്ധതിയിലൂടെ വൻക്രമക്കേടും അഴിമതിയും നടന്നെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിെൻറ ഭാഗമായാണ് ബി.െജ.പി ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുല്ലക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തി വെള്ളിയാഴ്ച വിജിലൻസ് സംഘം മൊഴിയെടുത്തത്. വിജിലൻസ് കണ്ണൂർ യൂനിറ്റ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാർ കാലത്താണ് കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കുന്നത്. അന്ന് കണ്ണൂർ മണ്ഡലം എം.എൽ.എ എ.പി. അബ്ദുള്ളകുട്ടിയായിരുന്നു. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പ്രത്യേക മൾട്ടിമീഡിയ സംവിധാനത്തിലൂടെ ലേസർ ലൈറ്റ് ഉപയോഗിച്ച് കണ്ണൂർ കോട്ടയുടെ ചരിത്രത്തിന് ദൃശ്യവിരുന്നൊരുക്കുക എന്നതായിരുന്നു ഷോയിലൂടെ ഉദ്ദേശിച്ചത്.
കണ്ണൂർ കോട്ടയുടെ ചരിത്രം, അറക്കൽ-ചിറക്കൽ രാജവംശം എന്നിവ ഷോയിലൂടെ കാഴ്ചക്കാർക്ക് വിവരിക്കുന്നതായിരുന്നു പദ്ധതി. സിനിമതാരങ്ങളായ മമ്മൂട്ടി, കാവ്യ മാധവൻ എന്നിവരുടെ ശബ്ദത്തിൽ ചരിത്ര വിരണവും ഇതിെൻറ ഭാഗമായി റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.
3.8 കോടി രൂപയായിരുന്നു പദ്ധതിക്കായി ബജറ്റിൽ നീക്കിവെച്ചത്. ഇതിൽ ഏകദേശം രണ്ടു കോടിക്കടുത്ത് രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയായത്. 2016 ഫെബ്രുവരി 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഷോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ബംഗളൂരു ഡിപ്പോളിനായിരുന്നു നിർമാണ കരാർ. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു പദ്ധതിയുടെ മേൽനോട്ട ചുമതല.
ഉദ്ഘാടനത്തിെൻറ അന്ന് മാത്രമാണ് ഷോ സംഘടിപ്പിച്ചത്. പിന്നീട് ഒരിക്കൽപോലും ഷോ നടന്നില്ല. വെറും കടലാസ് പദ്ധതിയായ ഇതിലൂടെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആദ്യമേ ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തത്.
150ഓളം പേര്ക്ക് ഇരുന്നു കാണാവുന്ന രീതിയില് ഗാലറിയും ഒരുക്കിയിരുന്നു. ഇതെല്ലാം ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇതിനായി സ്ഥാപിച്ച ജനറേറ്ററുകളും ലൈറ്റുകളും ബാറ്ററിയുമെല്ലാം നശിച്ചു. എല്ലാ ദിവസവും രാത്രി ഏഴിന് ഷോ നടത്താനായിരുന്നു തീരുമാനം. ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന ഘട്ടത്തിൽ തിടുക്കത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഇതിനായുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വീണ്ടും തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നു –കെ.സി. ശ്രീനിവാസൻ
(സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ)
കണ്ണൂർ: കോടികൾ െചലവഴിച്ചുള്ള പദ്ധതി ടൂറിസം ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് വീണ്ടും തുടങ്ങാൻ നീക്കമുണ്ടായിരുന്നു. തുടർന്ന് ഷോക്കായി ഒരുക്കിയ സജ്ജീകരണങ്ങളുടെ അറ്റകുറ്റപ്രവൃത്തിക്കും നടത്തിപ്പിനും വീണ്ടും ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി.
സാങ്കേതികമായ അറ്റകുറ്റപ്രവൃത്തി പൂർത്തിയാക്കി ഈ വർഷം മാർച്ചോടുകൂടി ഷോ തുടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് കോവിഡ് രണ്ടാം തരംഗം അലയടിച്ചതും വീണ്ടും ലോക്ഡൗണായതും. ഇതാണ് പദ്ധതി നടത്തിപ്പ് വീണ്ടും അന്തമായി നീണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.