കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ശമ്പളം കുറയുന്നു; പ്രതിഷേധവുമായി നഴ്സുമാർ
text_fieldsപയ്യന്നൂർ: സർക്കാർ മേഖലയിലായ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ നഴ്സുമാർക്ക് ശമ്പളത്തിൽ വൻ കുറവു വരുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. സഹകരണ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചതുമുതലുള്ള സീനിയോറിറ്റി ലഭിക്കാത്തതാണ് ശമ്പളം കുറയാൻ കാരണമാവുന്നത്.15 മുതൽ 25 വർഷം വരെ സർവിസുള്ളവർക്ക് പ്രതിമാസം 10,000 മുതൽ 15000 രൂപവരെ കുറയുന്നതായാണ് പരാതി. സ്ഥാപനത്തിന്റെ തുടക്കം മുതൽ പ്രവർത്തിക്കുന്നവർക്കുപോലും സർക്കാർ ഏറ്റെടുത്ത 2019 മുതലുള്ള സീനിയോറിറ്റി മാത്രമേ ലഭിക്കൂ. കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലൊന്നും ഇല്ലാത്ത വിധത്തില്‍ സേവന-വേതന വ്യവസ്ഥകളില്‍ വലിയ അന്തരമുള്ളതായി ജീവനക്കാർ പറയുന്നു.
പലരും അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ കഴിഞ്ഞ മേയ് 31ന് വിരമിച്ചു. അതുകൊണ്ട് പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്ന് നഴ്സുമാർ പറയുന്നു. ഡോക്ടർമാർക്ക് സീനിയോറിറ്റി നഷ്ടപ്പെടുന്നുണ്ടെങ്കിലും യു.ജി.സി സ്കെയിൽ ലഭിക്കുമെന്നതിനാൽ ശമ്പളം കുറയില്ല. എന്നാൽ, വർഷങ്ങളുടെ സീനിയോറിറ്റി അഞ്ചുവർഷമായി കുറയും. ഇത് പലരിലും കടുത്ത അമർഷത്തിനിടയാക്കുന്നുണ്ട്. ഏറ്റെടുത്ത് അഞ്ചുവർഷം കഴിയുമ്പോഴും മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴയുകയാണ്. വിരമിക്കൽ പ്രായമായ ജീവനക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്.
ഇന്റഗ്രേഷന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും 2016ലെ പേ സ്കെയില്‍ അടിസ്ഥാനമാക്കിയാണ് ശമ്പളം കൊടുക്കുന്നത്. മെഡിസെപ്പ് അരിയേഴ്സ്, എന്‍.പി.എസ്, ഗ്രൂപ് ഇന്‍ഷുറന്‍സ് എന്നിവ ശമ്പളത്തില്‍നിന്ന് പിടിക്കുകയും ചെയ്യുമ്പോള്‍ ഓരോ ജീവനക്കാര്‍ക്കും അവരുടെ ജീവിതച്ചെലവിനുപോലും ശമ്പളം തികയുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.