കണ്ണൂർ, കരുണ ബിൽ: കക്ഷിനേതാക്കളുടെ കത്ത് പുറത്തുവിട്ട് സർക്കാർ പ്രതിരോധം
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ മെറിറ്റ് അട്ടിമറിച്ചുള്ള വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാൻ നിയമനിർമാണം നടത്തി വെട്ടിലായ സർക്കാർ ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷകക്ഷി നേതാക്കൾ നൽകിയ ശിപാർശ കത്തുകൾ പുറത്തുവിട്ട് പ്രതിരോധം തീർക്കുന്നു.
കോളജിൽ 2016-17 വർഷം പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് കക്ഷി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവർക്ക് നൽകിയ കത്തുകളാണ് പുറത്തുവന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവരുടെ കത്തുകളാണ് പുറത്തുവന്നത്. എല്ലാവരും കണ്ണൂർ കോളജിലെ കുട്ടികൾക്ക് വേണ്ടിയാണ് കത്ത് നൽകിയത്.
ഉമ്മൻ ചാണ്ടി 2017 ജൂലൈ 13നാണ് ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയത്. 150 കുട്ടികളുടെയും ഭാവി സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. എം.എം. ഹസൻ ജൂലൈ 14നും പി.കെ. കുഞ്ഞാലിക്കുട്ടി ജൂലൈ 15നും കുമ്മനം രാജശേഖരൻ ജൂലൈ 12നും മുഖ്യമന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്. സത്യൻ മൊകേരി ജൂലൈ 14നാണ് ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയത്. സുപ്രീംകോടതിയിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവന്ന സർക്കാർ മറ്റ് കക്ഷികൾക്ക് നിയമനിർമാണത്തിലുള്ള പങ്ക് വെളിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് കത്ത് പുറത്തുവിട്ടതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.