കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
text_fieldsകോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് ദീർഘദൂര യാത്രക്കാരെ വലച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളജ് സ്റ്റോപ്പിൽ സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്.
പണിമുടക്കുന്ന വിവരം ബസ് ഉടമകളെയോ മോട്ടോർ വാഹനവകുപ്പിനെയോ തൊഴിലാളി സംഘടനകളെയോ മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ യാത്രക്കാർ വിവരം അറിഞ്ഞില്ല. പെരുംമഴയിൽ റോഡിലും സ്റ്റാൻഡിലും ബസ് കാത്തുനിന്ന യാത്രക്കാർ പലരും ബസുകൾ ഓടുന്നില്ലെന്ന വിവരം അറിഞ്ഞത് ഏറെ കാത്തുനിന്നശേഷമാണ്. അതിരാവിലെ മുതൽ ബസ് കാത്തിരുന്നവർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥലങ്ങളിൽ എത്താനായില്ല.
അറുപതോളം ബസുകളാണ് കോഴിക്കോട്- കണ്ണൂർ പാതയിൽ സർവിസ് നടത്തുന്നത്. ട്രെയിനുകളിലും തിരക്കനുഭവപ്പെട്ടു. ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ വിദ്യാർഥികളും അധ്യാപകരും പണിമുടക്കിൽനിന്ന് രക്ഷപ്പെട്ടു. തലേ ദിവസം തങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.