കണ്ണൂർ മെഡിക്കൽ കോളജ് ഒരു കോടിക്ക് മുകളിൽ തലവരി വാങ്ങിയെന്ന് വെളിപ്പെടുത്തൽ
text_fieldsതിരുവനന്തപുരം: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ വിവാദമായ മെഡിക്കൽപ്രവേശനത്തിന് ഒരു കോടിക്കുമേൽ തുക തലവരിപ്പണം വാങ്ങിയെന്ന് വെളിപ്പെടുത്തൽ. പ്രവേശന മേൽനോട്ടസമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി മുമ്പാകെ വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയിലാണ് കോടികളുടെ ഇടപാട് നടന്നതായി പറയുന്നത്. ഒരു വിദ്യാർഥിയിൽ നിന്ന് മാത്രം 1,01,17,000 രൂപ വാങ്ങിയതായാണ് പരാതി. അഞ്ച് വിദ്യാർഥികളിൽ നിന്ന് വാങ്ങിയ തുക അരക്കോടിക്ക് മുകളിലാണ്. അവശേഷിക്കുന്നവരിൽ നിന്ന് 20-50 ലക്ഷം രൂപ വരെ വാങ്ങിയതായും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
2016-17ൽ സർക്കാർ ഉത്തരവ് മറികടന്ന് നടത്തിയ വിദ്യാർഥിപ്രവേശനത്തിലാണ് കോടികളുടെ ഇടപാട് നടന്നതായി പരാതി. തുക തിരികെ നൽകുന്നത് സംബന്ധിച്ച കേസ് ബുധനാഴ്ച വീണ്ടും സുപ്രീംകോടതിയുടെ പരിഗണനക്ക് വരും. വിദ്യാർഥികളുടെ പരാതിയും പ്രവേശന മേൽനോട്ടസമിതി സ്വീകരിച്ച നടപടികളും സ്റ്റാൻഡിങ് കോൺസൽ ബുധനാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു.
വാങ്ങിയ തുക രണ്ട് ഗഡുക്കളായി തിരികെ നൽകാനുള്ള പ്രവേശന മേൽനോട്ടസമിതിയുടെ ഉത്തരവ് കോളജ് പാലിച്ചിരുന്നില്ല. ഇതിനെതുടർന്ന് കോളജിെൻറ അഫിലിയേഷൻ റദ്ദാക്കുകയും പ്രവേശനം തടയുകയും ചെയ്തു. ഇതിനെതിരെ കോളജ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവെച്ചു. കോളജ് സുപ്രീംകോടതിയെ സമീപിച്ചേതാടെ വാങ്ങിയ തുകയുടെ ഇരട്ടി തുക തിരിച്ചുനൽകാനായിരുന്നു നിർദേശം. പുറമെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.
2016 ൽ ആദ്യം പ്രവേശന മേൽനോട്ടസമിതിയും പിന്നീട് സുപ്രീംകോടതിയും റദ്ദാക്കിയ 150 വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുക തിരികെ ലഭിക്കാൻ 114 വിദ്യാർഥികളുടെ പരാതിയാണ് സമിതി മുമ്പാകെയുള്ളത്. എന്നാൽ 10 ലക്ഷം രൂപ വീതം മാത്രമേ വാങ്ങിയിട്ടുള്ളൂവെന്ന നിലപാടിലായിരുന്നു കോളജ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.