വ്യാജ സ്വർണം നൽകി പണം തട്ടിയ കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ
text_fieldsഗൂഡല്ലൂർ: വ്യാജ സ്വർണം നൽകി തിരുവനന്തപുരം സ്വദേശി ഷാഫിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മുഹമ്മദ് സക്കറിയ (42), ബഷീർ (47), ഷൗക്കത്ത് അലി(43), ഇസ്മായിൽ (51)എന്നിവരെയാണ് പിടികൂടിയത്. ഗൂഡല്ലൂർ മാക്കമൂല ഭാഗത്തുവെച്ചാണ് ഇവരെ ഗൂഡല്ലൂർ പൊലീസ് പിടികൂടിയത്. പ്രതികളെ ഗൂഡല്ലൂർ കോടതി റിമാൻഡ് ചെയ്തു.
മെക്കാനിക്കായ ഷാഫി ഗൾഫിൽനിന്ന് തിരിച്ചെത്തിയ സമയത്താണ് ഫേസ്ബുക്കിൽ പഴയ സ്വർണം വിൽപനക്ക് എന്ന പരസ്യം കണ്ട് മുഹമ്മദ് സക്കറിയയെ ബന്ധപ്പെട്ടത്. മൈസൂരിൽവെച്ച് 16,000 രൂപയ്ക്ക് ചെറിയ സ്വർണ മണികൾ നൽകിയത് പരിശോധിച്ചപ്പോൾ ഒറിജിനൽ സ്വർണമാണെന്നറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഇതിനിടെ മുഹമ്മദ് സക്കറിയ ഷാഫിയെ വീണ്ടും വിളിച്ചു. തന്റെ സുഹൃത്തുക്കളുടെ കൈശവും പഴയ സ്വർണമുണ്ടെന്ന് പറഞ്ഞ് ഗൂഡല്ലൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെ വെച്ചാണ് 400 ഗ്രാം സ്വർണം നൽകി അഞ്ച് ലക്ഷം രൂപ വാങ്ങി ഇവർ മുങ്ങിയത്. എന്നാൽ ഈ സ്വർണം പരിശോധിച്ചപ്പോൾ വ്യാജമായിരുന്നു. ഉടനെ ഗൂഡല്ലൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകാരെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.