വിവാഹപ്പന്തൽ കണ്ണീരിൽ മുങ്ങി: ഫാത്തിമയുടെ മരണത്തിൽ ഹൃദയംനുറുങ്ങി പഴയങ്ങാടി
text_fieldsപഴയങ്ങാടി: എല്ലാവരുടെയും കണ്ണുകൾ കരഞ്ഞ് കലങ്ങിയിരിക്കുന്നു. സംഭവിച്ചതൊന്നും സത്യമാണെന്ന് വിശ്വസിക്കാൻ ഇനിയും ആരും പാകപ്പെട്ടിട്ടില്ല. നാളെ വിവാഹാരവങ്ങൾ ഉയരേണ്ട വീടാണ്, പ്രിയപ്പെട്ടവളുടെ ആകസ്മിക വേർപ്പാടിൽ കണ്ണീർക്കയത്തിൽ മുങ്ങിയിരിക്കുന്നത്.
ഭർതൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ, വീടിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീന്റെ (24) ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഇന്നലെ പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു മരണം.
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ അധ്യാപിക കുറ്റൂർ സ്വദേശി സി.പി. വീണ(47)യും ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേർപ്പാട് നാട്ടുകാർക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ടീച്ചറുടെ ഭർത്താവ് കെ.വി. മധുസൂദനനും ഫാത്തിമയുടെ ഭർത്താവ് കുട്ടിയസ്സൻ സാക്കി, മകൾ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവർക്കും പരിക്കേറ്റിരുന്നു
നാളെ ഫാത്തിമയുടെ ഭർതൃസഹോദരി ഹാദിയയും ഇരിക്കൂർ ദാറുൽ ഫലാഹിൽ എൻ. ഖാലിദിന്റെ മകൻ സി.സി. സഗീറും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിവാഹത്തിനായി ഇരുവീടുകളിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയും പന്തലുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. കുടുംബാംഗത്തിന്റെ അകാലമരണത്തെ തുടർന്ന് വിവാഹം മാറ്റിവെച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാറും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.
എൻ. ഖമറുദീനാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങൾ: ഫാസില, ഫൈറൂസ, ഫവാസ്, ഫസീഹ്. വിദ്യാർഥിയായ പൃഥ്വിദേവാണ് വീണയുടെ മകൻ. സഹോദരങ്ങൾ: ബിനു, ഷിജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.