കണ്ണൂർ തളിപ്പറമ്പില്‍ പോക്സോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയില്‍
text_fieldsതളിപ്പറമ്പ്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19കാരിയെയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2020ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. അന്ന് 17 വയസായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടി പ്ലസ് വണ്ണിന്പഠിക്കുമ്പോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയില്‍നിന്ന് അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചുവെന്നായിരുന്നു അന്ന് പൊലീസ് കണ്ടെത്തിയത്.
2020 മാര്‍ച്ചിൽ ഇയാൾ പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോൾ നേരത്തെ ചിത്രീകരിച്ച നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് നിരന്തരം സന്ദേശങ്ങളയച്ചെങ്കിലും ഇത് ഭീഷണി മാത്രമാണെന്ന് കരുതി പെണ്‍കുട്ടി അവഗണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി കേസെടുക്കുകയായിരുന്നു. അന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.