ബജറ്റിൽ നിറഞ്ഞ് കണ്ണൂർ കവിതകൾ
text_fieldsകണ്ണൂർ: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ നിറഞ്ഞത് കണ്ണൂരിലെ വിദ്യാർഥികളുടെ കവിതകൾ. തങ്ങളുടെ കവിതകൾ മന്ത്രി ചൊല്ലിയതിെൻറ ആവേശത്തിലാണ് കുട്ടിക്കവികൾ. പാച്ചേനി ഗവ. ഹൈസ്കൂളിലെ ഇനാര അലി, കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസിലെ ഷിനാസ് അഷ്റഫ്, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിലെ അരുന്ധതി ജയകുമാർ, തോട്ടട ഗവ. ടെക്നിക്കൽ സ്കൂളിലെ നവാലു റഹ്മാൻ എന്നിവരുടെ കവിതകളാണ് മന്ത്രി ചൊല്ലിയത്.
സാധാരണക്കാരുടെ ഉപജീവന തൊഴിലവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗത്ത് ഇനാര അലിയുടെ
''ഇരുട്ടാണ് ചുറ്റിലും മഹാമാരി തീർത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക് കരുതലിെൻറ ഒരു തിരിവെട്ടം''
എന്ന വരികളാണ് കോവിഡ് സൃഷ്ടിച്ച അവസ്ഥയും അതിജീവനവുമെല്ലാം അവതരിപ്പിക്കാൻ മന്ത്രി ഉപയോഗിച്ചത്. ബജറ്റ് പ്രസംഗത്തിൽ തെൻറ കവിത ചൊല്ലിയ കാര്യം മാതാപിതാക്കൾക്കൊപ്പം ഗൾഫിലിരുന്നാണ് ഇനാര അറിഞ്ഞത്. അബൂദബിയിൽ ജോലിചെയ്യുന്ന പിതാവ് തോട്ടീക്കൽ പി.വി. ഹൗസിൽ അലിയാറിനെ മാതാവ് സുഹ്റക്കൊപ്പം സന്ദർശിക്കാനെത്തിയതാണ് ഇനാര. സഹോദരൻ ഇജാസ് അലി ബിരുദ വിദ്യാർഥിയാണ്. കോവിഡ് കാലത്ത് കുട്ടികളുടെ സർഗാത്മകത വളർത്താനായി സ്കൂളിൽ 'അക്ഷരവൃക്ഷം' പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് എഴുതിയ കവിതയാണ് മന്ത്രി തിരഞ്ഞെടുത്തത്.
''സമ്പൂർണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും,
തെല്ലു അറപ്പില്ലാതെറിയുന്നുമാലിന്യമെമ്പാടും രാവിൻ മറവിൽ''...
എട്ടാം ക്ലാസുകാരൻ ഷിനാസിെൻറ ഈ വരികളിലൂടെയല്ലാതെ മാലിന്യ സംസ്കരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിക്ക് പറയാൻ കഴിയില്ലായിരുന്നു. സ്കൂളിലെ കവിത മത്സരത്തിൽ ഷിനാസ് കുറിച്ച വരികളായിരുന്നു ഇവ. ആറാംപീടിക ജുമൈറാസിൽ അഷ്റഫിെൻറയും ജുമൈറയുടെയും മകനാണ്. നാലാം ക്ലാസ് വിദ്യാർഥിനിയായ സിയ ഫാത്തിമ അഷ്റഫ് സഹോദരിയാണ്.
വീട്ടമ്മമാരുടെ ജീവിതാവസ്ഥ വിഷയമാക്കിയ അരുന്ധതിക്കവിത ചൊല്ലിയശേഷമാണ് വീട്ടമ്മമാർക്കും തൊഴിലവസരവും വരുമാനവും ഉറപ്പുവരുത്തേണ്ട പദ്ധതിയെക്കുറിച്ച് മന്ത്രി സംസാരിച്ചത്.
''എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രംപോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവെച്ച തുണികൾക്കിടയിൽ
കഴുകിയടുക്കിെവച്ച പാത്രങ്ങൾക്കിടയിൽ
തുടച്ചു മിനുക്കിെവച്ച മാർബിൾ തറയിൽ''
ഈ വരികളിലൂടെ സ്വന്തം മുഖം വീട്ടമ്മമാരെയാണ് അരുന്ധതി വരച്ചിട്ടത്. അക്ഷരവൃക്ഷം എന്ന ഓൺലൈൻ സംവിധാനത്തിൽനിന്നാണ് മന്ത്രി ഈ കവിത കടമെടുത്തത്. പെരിങ്ങോം ഗവ.കോളജ് പ്രിൻസിപ്പൽ ഡോ. പി.പി.ജയകുമാറിെൻറയും ഇരിട്ടി മഹാത്മാഗാന്ധി കോളജ് പ്രഫസർ ഡോ. ഷീജ നരോത്തിെൻറയും മകളാണ്. മെഡിക്കൽ വിദ്യാർഥിനിയായ ആരതി ജയകുമാർ സഹോദരിയാണ്.
''കച്ചവടമില്ലാകാലം,
വേലയും കൂലിയുമില്ലാതെ മനുഷ്യൻ വീട്ടിലിരിപ്പൂ''...
ഈ നാലുവരിയിലൂടെ പതിനാലുകാരൻ നവാലു റഹ്മാൻ വരച്ചുവെച്ചത് കോവിഡ് കാലത്തെ നമ്മുടെ നാടിെൻറ അവസ്ഥയാണ്. ഈ വരികളിലൂടെയാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. സ്കൂളിൽ കോവിഡ് കാലത്തെക്കുറിച്ച് കവിതയെഴുതാൻ ക്ലാസ് അധ്യാപകൻ ബിജു ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം കവിതക്കാര്യം എല്ലാവരും മറന്നു.
ബജറ്റ് പ്രസംഗം കേട്ട് മാധ്യമപ്രവർത്തകർ വിളിക്കുേമ്പാഴാണ് കവിത നിയമസഭ കയറിയകാര്യം അറിയുന്നത്. പത്താംതരം ക്ലാസുള്ളതിനാൽ നവാലു സ്കൂളിലായിരുന്നു. മാഹി പി.ഡബ്ല്യു.ഡി ജെ.ഇ തലശ്ശേരി ജൂബിലി റോഡിൽ സമീർ മൻസിലിൽ സി.ഒ.ടി. അബ്ദുൽ നാസറിെൻറയും സാജിദയുടെയും ഇളയ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.