ടിക്കറ്റാണ് പ്രശ്നം
text_fieldsകണ്ണൂർ: വണ്ടി പുറപ്പെടുന്നതിന് മിനിറ്റുകൾക്കു മുമ്പേ സ്റ്റേഷനിലെത്തിയാലും തിരക്കുകാരണം ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങിയ കഥകളാണ് ജില്ലയിലെ ട്രെയിൻ യാത്രക്കാർക്ക് പറയാനുള്ളത്. കോവിഡിനു ശേഷം ട്രെയിൻ സർവിസുകൾ പഴയ നിലയിലായെങ്കിലും പൂട്ടിയ ടിക്കറ്റ് കൗണ്ടറുകൾ ഇനിയും തുറക്കാത്തത് യാത്രക്കാർക്ക് ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടാകുന്നത്.
ഏറെ യാത്രക്കാർ ആശ്രയിക്കുന്ന കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിൽ കോവിഡു കാലത്ത് പൂട്ടിയ ടിക്കറ്റ് കൗണ്ടറുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്. ഒന്നോ രണ്ടോ കൗണ്ടറുകൾ മാത്രമാണ് മിക്ക സ്റ്റേഷനുകളിലും പ്രവർത്തിക്കുന്നത്.
രാവിലെയും വൈകീട്ടും തിരക്കേറെയുള്ള സമയങ്ങളിൽപോലും കൂടുതൽ കൗണ്ടറുകൾ തുറക്കാൻ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ച് വരുന്ന സമയങ്ങളിൽ ടിക്കറ്റിനായുള്ള നിര നീളും.
കണ്ണൂരിൽ രാവിലെ മംഗളൂരു-കോഴിക്കോട് എക്സ്പ്രസും നേത്രാവതിയും ചെന്നൈ എഗ്മോറും ഏറനാടുമെല്ലാം സ്റ്റേഷനിലെത്തുക മിനിറ്റുകളുടെ വ്യത്യാസത്തിലാണ്. നൂറുകണക്കിന് യാത്രക്കാർ ഒരേസമയം ടിക്കറ്റെടുക്കാനുണ്ടാവും.
തിരക്കുകൂടുമ്പോൾ കൗണ്ടറിന് സമീപത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് യന്ത്രം തേടി ഓട്ടപ്പാച്ചിലാണ്. എന്നാൽ, കണ്ണൂരിൽ എല്ലാ സമയത്തും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ ആളുണ്ടാവില്ല.
കിഴക്കേ കവാടം വഴി കയറിയാൽ കുടുങ്ങി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കിഴക്കേ കവാടം വഴിയെത്തുന്ന യാത്രക്കാർ ടിക്കറ്റെടുക്കാൻ പാടുപെടും. കോവിഡിന് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകൾക്ക് പൂട്ട് വീണിട്ട് കാലമേറെയായി.
കിഴക്കുഭാഗത്ത് മൂന്ന് കൗണ്ടറുകളാണ് അടഞ്ഞുകിടക്കുന്നത്. ഇവിടെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് യന്ത്രം വഴി ടിക്കറ്റ് ലഭിക്കുമെങ്കിലും രാത്രി ടിക്കറ്റ് നൽകാൻ ആളുണ്ടാകില്ല.
കിഴക്കേ കവാടത്തിലെത്തുന്ന യാത്രക്കാർ മേൽപാലം കയറി ഒന്നാം പ്ലാറ്റ്ഫോമിലിറങ്ങി വേണം ടിക്കറ്റെടുക്കാൻ. രണ്ടോ മൂന്നോ പ്ലാറ്റ്ഫോമിലാണ് വണ്ടി വരുന്നതെങ്കിൽ വീണ്ടും മേൽപാലം കയറിയിറങ്ങണം. ജൻ സാധാരൺ ടിക്കറ്റ് ബുക്കിങ്(ജെ.ടി.ബി.എസ്) കൗണ്ടർ നടത്തിപ്പിന് റെയിൽവേ സ്ഥലത്ത് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
റെയിൽവേ പാർക്കിങ്ങിനോട് ചേർന്നോ കവാടങ്ങളിലോ ഇതിന് സൗകര്യമൊരുക്കിയാൽ യാത്രക്കാർക്ക് ആശ്വാസമാകും. കോവിഡിന് ശേഷം ജെ.ടി.ബി.എസ് കൗണ്ടറുകൾ പൂട്ടിയ നിലയിലാണ്.
റെയിൽവേ സ്റ്റേഷനിൽ എത്തിയാലും ടിക്കറ്റ് എടുക്കാവുന്ന വിധത്തിൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവിസ് (യു.ടി.എസ്) സേവനം വിപുലമാക്കണമെന്നും ആവശ്യമുണ്ട്. യു.ടി.എസ് ആപ്പ് വഴി സ്റ്റേഷനിൽനിന്ന് ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് എടുക്കാനാവുക.
ഇതിനായി റെയിൽവേ സ്റ്റേഷനിൽ അറിയിപ്പും ക്യു.ആർ കോഡും അടങ്ങിയ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ശ്രദ്ധ പതിയുന്നിടത്തല്ലെന്നും ആക്ഷേപമുണ്ട്. ഒന്നോ രണ്ടോ പോസ്റ്ററുകൾ മാത്രമാണ് ഇത്തരത്തിൽ പതിപ്പിച്ചത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കൗണ്ടറുകൾ തുറക്കാതിരിക്കാൻ കാരണം. റിസർവേഷൻ ടിക്കറ്റുകൾ എടുക്കാനും ആവശ്യത്തിന് കൗണ്ടറുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാണ്. രാവിലെ ടിക്കറ്റെടുക്കാനുള്ളവരുടെ വരിയിൽ തിക്കും തിരക്കുമാകും.
കണ്ണൂരിൽ അൺറിസർവ്ഡ് ടിക്കറ്റെടുക്കാൻ കൂടുതൽ സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞദിവസം സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞിരുന്നു.
പയ്യന്നൂരിലും പുന:സ്ഥാപിച്ചില്ല
പയ്യന്നൂർ: റിസർവേഷൻ കൗണ്ടർ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് രാവിലെ എട്ട് മുതൽ രണ്ട് വരെ റിസർവേഷൻ മാത്രമുള്ള കൗണ്ടറായി പ്രവർത്തിക്കുന്നു. ഈ കൗണ്ടർ കോവിഡിനുമുമ്പ് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെ പ്രവർത്തിച്ചിരുന്നു.
ട്രെയിനുകളെല്ലാം പഴയ പടിയായി ആറുമാസം കഴിഞ്ഞിട്ടും റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം സാധാരണ നിലയിൽ പുന:സ്ഥാപിച്ചിട്ടില്ല. മറ്റൊരു കൗണ്ടറുള്ളത് രാത്രി എട്ടുമണിവരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ കൗണ്ടറിൽനിന്നുമാണ് സാധാരണ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും മറ്റും കൊടുക്കുന്നത്.
ഇതുകാരണം കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട ക്യൂ പലപ്പോഴും കാണപ്പെടുന്നു. പല യാത്രക്കാർക്കും ജനറൽ ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയുണ്ടാവാറുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് റിസർവേഷൻ ടിക്കറ്റുകൾ നൽകുന്നത്.
തലശ്ശേരിയിൽ ഇടുങ്ങിയ മുറി
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്യാനാണ് യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഗുഡ്സ്ഷെഡ് റോഡിൽ റെയിൽവേ സ്റ്റേഷന്റെ പുറം ഭാഗത്തെ ഇടുങ്ങിയ മുറിയിലാണ് കമ്പ്യൂട്ടർ റിസർവേഷൻ കൗണ്ടർ സ്ഥിതി ചെയ്യുന്നത്.
താലൂക്കിലെ മലയോരങ്ങളിൽ നിന്നടക്കമുള്ള ട്രെയിൻ യാത്രക്കാർ ടിക്കറ്റ് ബുക്കിങ്ങിനായി ആശ്രയിക്കുന്നത് തലശ്ശേരി റെയിൽവേ സ്റ്റേഷനെയാണ്. ടിക്കറ്റ് വരുമാനത്തിൽ ഈ റെയിൽവേ സ്റ്റേഷൻ ഏറെ മുന്നിലാണെങ്കിലും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്ന യാത്രക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഇവിടെ മൂന്ന് ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടെങ്കിലും പലപ്പോഴും ഒരു കൗണ്ടർ മാത്രമേ ഉപകരിക്കുന്നുള്ളു. തിരക്കുള്ള സമയങ്ങളിൽ ഒരാൾ മാത്രമാണ് ടിക്കറ്റ് കൗണ്ടറിൽ ഉണ്ടാവാറ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം.
ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെ മാത്രം. അന്തർ സംസ്ഥാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ട്രെയിനിന്റെ പേരും സമയവും ഇവിടെയുള്ള ബോർഡ് നോക്കി വേണം മനസ്സിലാക്കാൻ. റിസർവേഷൻ സെന്ററിൽ യാത്രക്കാർക്കുള്ള ഇരിപ്പിടവും ഫോറം പൂരിപ്പിക്കാനുള്ള ഡെസ്കും പരിമിതമാണ്.
ഇടുങ്ങിയ മുറിയായതിനാൽ പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്ന പ്രായമുള്ളവരടക്കം വീർപ്പുമുട്ടുകയാണ്. റിസർവേഷൻ സെന്ററിന്റെ സൗകര്യം വിപുലമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്
വടക്കേ മലബാറിലെ കണ്ണൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ജനറൽ - റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്.
നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ.പി.സി) ഒക്ടോബർ 17ന് വൈകീട്ട് 4.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ നടത്തും.
റിസർവ്ഡ് ലേഡീസ് കോച്ചുകൾ പുനഃസ്ഥാപിക്കുക, സെൽഫ് ടിക്കറ്റ് പ്രിന്റിങ് മെഷീനുകൾ കൂടുതൽ സജ്ജീകരിക്കുക, മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.