ചാൻസലറുടെ പ്രതിനിധികളെ കാത്ത് കണ്ണൂർ സെനറ്റ്
text_fieldsകണ്ണൂർ: സെനറ്റിൽ ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്യേണ്ടവരുടെ പട്ടിക കാത്ത് കണ്ണൂർ സർവകലാശാല. വിവിധ വിഭാഗങ്ങളിലായി 20 പേരെയാണ് ചാൻസലർ നാമനിർദേശം ചെയ്യേണ്ടത്. ഈ പട്ടികയെത്തുന്ന മുറക്ക് മാർച്ച് അവസാനത്തോടെ സെനറ്റ് യോഗം ചേരാനാണ് ശ്രമം. പുതിയ വൈസ്ചാൻസലറെ കണ്ടെത്തുന്നതിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ ഈ യോഗത്തിൽനിന്ന് തെരഞ്ഞെടുക്കും. അതേസമയം, സെനറ്റിലെ വിദ്യാർഥി മണ്ഡലമായ ജനറൽ കൗൺസിലിലെ 10 പ്രതിനിധികളുടെ തെരഞ്ഞെടുപ്പിന് കാത്തിരിക്കാതെയാണ് യോഗം ചേരുക.
അഭിഭാഷകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, അധ്യാപകർ, വ്യവസായ സ്ഥാപന പ്രതിനിധി, വിവിധ മേഖലകളിലെ മികച്ച വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളിലെ 16 പേരെയാണ് ചാൻസലർ നാമനിർദേശം ചെയ്യേണ്ടത്. സെനറ്റിലെ എക്സ് ഒഫിഷ്യോ അംഗങ്ങളായ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടുവീതം ഡീൻ, വകുപ്പ് മേധാവി എന്നിവരെയും ചാൻസലർ നാമനിർദേശം ചെയ്യണം.
പരിഗണിക്കേണ്ടവരുടെ പട്ടിക സർവകലാശാല ചാൻസലർക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലെ ചില പേരുകളിൽ രാജ്ഭവൻ വ്യക്തതയും തേടിയിട്ടുണ്ട്. ഈ പട്ടികയിൽനിന്നാണോ ചാൻസലർ നാമനിർദേശം ചെയ്യുക എന്നതാണ് പ്രധാനം. കേരള, കാലിക്കറ്റ് സെനറ്റുകളിലേതുപോലെ കണ്ണൂർ സർവകലാശാലയിലും ആർ.എസ്.എസ് പ്രതിനിധികളെ ഉൾപ്പെടുത്തുമോ എന്നതാണ് നിർണായകം.
മാർച്ച് അവസാനത്തോടെ സെനറ്റ് ചേർന്ന് സെർച് കമ്മിറ്റി പ്രതിനിധിയെ കണ്ടെത്തണമെന്നാണ് ചാൻസലറുടെ നിർദേശം. മാർച്ച് അവസാനമാണ് ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. വിദ്യാർഥി പ്രതിനിധികളെ കാത്തിരിക്കാതെ സെനറ്റ് യോഗം ചേരാമെന്നും മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ടെന്നും വി.സി ഡോ. എസ്. ബിജോയ് നന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.