സ്കൂളിന് മുന്നിൽ സൈന്യം വേലിക്കെട്ടാൻ ശ്രമിച്ച സംഭവം: ഹൈകോടതി വിശദീകരണം തേടി
text_fieldsകണ്ണൂര്‍: സെന്‍റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിന് മുമ്പില്‍ സൈന്യം വേലികെട്ടാന്‍ ശ്രമിച്ചതിനെതിരായ ഹരജിയിൽ വിശദീകരണം തേടി കേരളാ ഹൈകോടതി. സ്കൂൾ മാനേജ്മെന്‍റ് നൽകിയ ഹരജിയിൽ പ്രതിരോധ മന്ത്രാലയത്തോടാണ് കോടതി വിശദീകരണം തേടിയത്. കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.
കണ്ണൂർ കന്‍റോണ്‍മെന്‍റ് ഏരിയയിൽ സെന്‍റ് മൈക്കിൾസ് സ്കൂളിന് മുന്നിലെ ഒന്നരയേക്കർ വരുന്ന ഗ്രൗണ്ടിന് ചുറ്റുമാണ് ഡി.എസ്.സി അധികൃതർ വേലികെട്ടാന്‍ തീരുമാനിച്ചത്. 2500 കുട്ടികൾ പഠിക്കുന്ന സ്കൂളിന്‍റെ ബസുകൾ ഉൾപ്പടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കണ്ണൂരിലെ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ റാലികള്‍ തുടങ്ങുന്നതും ഗ്രൗണ്ടിൽ നിന്നാണ്.
ഡി.എസ്.സി നിർമാണ പ്രവർത്തനം ആരംഭിച്ചതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും രംഗത്തെത്തി. ഇതേതുടർന്ന് നിർമാണ പ്രവർത്തനം ഡി.എസ്.സി താൽകാലികമായി നിർത്തിവെക്കുകയായിരുന്നു.
സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദ്യാർഥികൾ ഒപ്പിട്ട നിവേദനവും അയച്ചിരുന്നു. നേരത്തെ, പയ്യാമ്പലം ബീച്ച് പരിസരം, സെന്‍റ് ആഞ്ചലോസ് കോട്ട എന്നിവിടങ്ങളിൽ വഴിയടച്ച് മതിൽ കെട്ടിയ ഡി.എസ്.സിയുടെ നടപടി പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.