ഒരേ ഖബറിൽ കളിക്കൂട്ടുകാർക്ക് അന്ത്യനിദ്ര; കണ്ണീരിൽ മുങ്ങി മാച്ചേരി
text_fieldsചക്കരക്കല്ല് (കണ്ണൂർ): കണയന്നൂർ പള്ളിക്കണ്ടി പള്ളി ഖബർസ്ഥാനിൽ ഒരുക്കിയ വലിയ ഒരു ഖബറിലെ രണ്ട് ചെറുകുഴികളിലായി ചേതനയേറ്റ രണ്ട് പിഞ്ചുദേഹങ്ങൾ മണ്ണോട് ചേർത്തുവെക്കുമ്പോൾ സങ്കടക്കടലിലായിരുന്നു കൂടിനിന്നവർ. ഒന്നിച്ച് പഠിച്ചും കളിച്ചും നടന്ന്, നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്ന കുരുന്നുകളുടെ പെട്ടെന്നുള്ള മരണം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു.
ഇന്നലെ ഉച്ചക്കാണ് മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാട്ടിൽ പുതിയപുരയിൽ സാജിതയുടെയും മുനീറിന്റെയും മകൻ മുഹമ്മദ് മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ അൻസിലയുടെയും നവാസിന്റെയും മകൻ ആദിൽ ബിൻ മുഹമ്മദ് (12) എന്നിവർ മുങ്ങിമരിച്ചത്.
കഴിഞ്ഞ വർഷം വരെ ചക്കരക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഈ അധ്യയന വർഷം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും ഒരുമിച്ചായിരുന്നു. എന്നും സ്കൂളിലേക്ക് പോകുന്നതും കളിക്കാൻ പോകുന്നതും ഒരുമിച്ചായിരുന്നു.
ഞായറാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച 1 മണിയോടെ മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ ആംബുലൻസിൽ എത്തിയ മൃതദേഹം പൊതുദർശനത്തിന് വെച്ചു. രാവിലെ 11.30 മുതൽ തന്നെ മൗവ്വഞ്ചേരിയുടെ പള്ളിയിലും മദ്റസയിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുമൊക്കെയായി ആയിരങ്ങൾ അവസാനമായി കാണാനെത്തിയിരുന്നു. സഹപാഠികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ പൊട്ടിക്കരഞ്ഞാണ് യാത്രാമൊഴിയേകിയത്.
45 മിനുട്ടോളം മദ്റസയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. വീട്ടുകാരുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടുനിൽക്കാൻ കഴിയാതെ ഏവരും വിതുമ്പി.
ഉച്ചയ്ക്ക് 2.20ന് അഞ്ചരക്കണ്ടി ഹയർ സെക്കൻറി സ്കൂളിൽ എത്തി. ഇരുവരുടെയും വിയോഗം വിശ്വസിക്കാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു സ്കൂളിലെയും മദ്റസയിലെയും അധ്യാപകരും സഹപാഠികളും മൃതദേഹം കാണാനെത്തിയത്.
വളരെ ചെറിയ വയസ്സ് മുതൽ തന്നെ ആദിൽ എസ്.കെ.എസ്.ബി.വിയുടെ മദ്റസ ഭാരവാഹിയാണ്. നിലവിൽ എസ്.കെ.എസ്.ബി.വി റെയിഞ്ച് കൗൺസിലറാണ് ആദിൽ.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, മുസ്‍ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി, ഇബ്റാഹിം മുണ്ടേരി, കെ.പി താഹിർ, വി.വി ഫാറൂഖ്, ഷക്കീർ മൗവഞ്ചേരി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ. സാദിഖ് ഉളിയിൽ, സെക്രട്ടറിമാരായ സി. ഇംതിയാസ്, ഷറോസ് സജ്ജാദ്, സമസ്ത നേതാക്കളായ സിദ്ദീഖ് ഫൈസി വെൺമണൽ, ഇസുദ്ദീൻ മൗലവി, പാണക്കാട് അലിശിഹാബ് തങ്ങൾ, റഷീദ് ഫൈസി പൊറോറ, മൂസ ഫൈസി എളംപാറ, ജമീൽ അഞ്ചരക്കണ്ടി, സൽമാൻ കണയന്നൂർ, ജമാഅത്തെ ഇസ്‍ലാമി ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് അഹ്മ്മദ്, സെക്രട്ടറിന്മാരായ സി.കെ.എ. ജബ്ബാർ, കെ.എം. മഖ്ബൂൽ മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ, ജില്ലാ സെക്രട്ടറി റസാക്ക് മാണിയൂർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി, എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദാരിമി, കമാലുദ്ദീൻ മുസ്‌ലിയാർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. അനിൽകുമാർ, സ്കൂൾ മാനേജർ വി.പി. കിഷോർ, സൊസൈറ്റി പ്രസിഡൻറ് എം.വി.ദേവദാസൻ, സെക്രട്ടറി പി.മുകുന്ദൻ, എ.ഇ.ഒ.എൻ സുജിത്ത്, ബി.പി.സി. സി.ആർ.വിനോദ്കുമാർ, പി.ടി.എ. പ്രസിഡൻറ് രമേശൻ കരുവാത്ത്, എം.എം. അജിത്കുമാർ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് എ.കെ. സുരേന്ദ്രൻ, പ്രിൻസിപ്പൽ ഒ.എം. ലീന, പ്രഥമാധ്യാപിക പി.വി. ജ്യോതി, കെ. പ്രജുഷ, കെ.കെ. ദീപ, പി.വി. ഷഹിജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.