കണ്ണൂരിലെ സിലബസ് വിവാദം; സി.പി.എമ്മിൽ അസംതൃപ്തി
text_fieldsകണ്ണൂർ: മുൻമന്ത്രി കെ.കെ. ശൈലജയുടെ ആത്മകഥ പി.ജി സിലബസിൽ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാല നടപടിയിൽ സി.പി.എമ്മിലും അതൃപ്തി. അനാവശ്യ വിവാദത്തിൽ പാർട്ടിയെ വലിച്ചിഴക്കുന്ന നിലപാടാണ് സർവകലാശാല നടത്തിയതെന്നാണ് വിലയിരുത്തൽ. സർവകലാശാല നടപടിയെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ് പരസ്യമായി തള്ളിയതെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണിതെന്നാണ് മിക്ക നേതാക്കളുടെയും നിലപാട്. എത്രയെത്ര പുസ്തകങ്ങൾ ഉണ്ടായിട്ടും മൂന്നുമാസം മുമ്പ് ഇറങ്ങിയ ഇതുതന്നെ സിലബസിൽ ഉൾപ്പെടുത്തേണ്ടിയിരുന്നോ എന്നാണ് മുതിർന്ന നേതാവ് പ്രതികരിച്ചത്. പാർട്ടിക്ക് ഇതിലൊന്നും വലിയ താൽപര്യമില്ലെന്നും സിലബസ് വന്ന വഴി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. ശൈലജക്കെതിരായ നീക്കമായും ചിലർ ഈ നടപടിയെ കാണുന്നുണ്ട്. മുതിർന്ന നേതാവ് കൂടിയായ ഇവരുടെ അറിവുപോലുമില്ലാതെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതിൽ ദുരൂഹതയും ചിലർ കാണുന്നു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.കെ. ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ (സഖാവെന്ന നിലയിൽ എന്റെ ജീവിതം) പുസ്തകം എം.എ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലക്കും ഉത്തരം മുട്ടി. എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ വിദ്യാർഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന നിരവധി ഇലക്ടീവ് പേപ്പറുകളിൽ ഒന്നുമാത്രമാണ് ‘ലൈഫ് റൈറ്റിങ്’ എന്നും അതിലെ ഒരു പുസ്തകം മാത്രമാണിതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
എന്നാൽ, നിർദേശിക്കപ്പെട്ട പുസ്തകങ്ങളിൽ ഏത് തിരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കുന്നത് അധ്യാപകരാണ്. മിക്ക അധ്യാപകരും ഇത് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നും വിദ്യാർഥികൾക്ക് ഇതിലൊന്നും പങ്കുമില്ലെന്നുമാണ് ഒരു വിഭാഗം അധ്യാപകർ തന്നെ പറയുന്നത്.
അക്കാദമിക് താൽപര്യം അവഗണിച്ച് രൂപവത്കരിച്ചതെന്ന ആരോപണങ്ങൾക്ക് ഒടുവിലാണ് ഹൈകോടതി പഠനബോർഡ് റദ്ദാക്കിയത്. പകരം സംവിധാനമെന്ന നിലക്കാണ് അഡ്ഹോക് കമ്മിറ്റിയുണ്ടാക്കിയത്.
ഇതാവട്ടെ, പൂർണമായും ചട്ടവിരുദ്ധവും. എട്ടംഗ സമിതിയിലെ ഏതാനും പേരുടെ താൽപര്യമാണ് സിലബസായി മാറുന്നതെന്നും പരാതിയുണ്ട്.
ആത്മകഥയുടെ പേരിൽ തന്നെ രാഷ്ട്രീയം വ്യക്തമാണെന്നും പാർട്ടി ക്ലാസുകളിലെ റഫറൻസായി മാത്രമേ പുസ്തകത്തെ കാണാൻ കഴിയൂവെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.