ചാല ബൈപ്പാസിൽ ടാങ്കർ മറിഞ്ഞു; വാതക ചോർച്ച
text_fieldsകണ്ണൂർ: മംഗളൂരുവിൽനിന്ന് കോഴിക്കോട് ചേളാരിയിലേക്ക് പാചകവാതകവുമായി പോയ ടാങ്കർ ചാല ജങ്ഷനിൽ മറിഞ്ഞത് പരിഭ്രാന്തിയിലാക്കി. ടാങ്കറിൽനിന്ന് വാതകം ചോർന്നതാണ് പരിഭ്രാന്തിക്കിടയാക്കിയത്. ടാങ്കർ പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്തിരുന്നെങ്കിൽ വീണ്ടുമൊരു വൻ ദുരന്തത്തിന് ചാല സാക്ഷ്യം വഹിക്കുമായിരുന്നു. എന്നാൽ, നാട്ടുകാരുടെയും പൊലീസിെൻറയും അഗ്നിശമന സേനയുടെയും ഉചിതമായ ഇടപെടൽ കാരണം വാതക ചോർച്ച നിയന്ത്രണ വിധേയമാക്കാനായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു ടാങ്കർ അപകടത്തിൽപ്പെട്ടത്. ചാല ജങ്ഷനിൽനിന്ന് തലശ്ശേരി ബൈപ്പാസിലേക്ക് തിരിയുന്നിടത്ത് ഇടതുഭാഗത്തായാണ് മറിഞ്ഞത്. അമിതവേഗമാണ് അപകട കാരണം. ഡ്രൈവർ തമിഴ്നാട് സ്വദേശി മുരുകൻ മാത്രമാണ് ടാങ്കറിലുണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെ ചാല മിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സമീപത്തുനിന്ന് മുൻകരുതലായി ആളുകളെ മാറ്റിയിരുന്നു.
നാലു കിലോമീറ്റർ ചുറ്റളവിലാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് സ്റ്റേഷനുകളിൽനിന്നും നിരവധി യൂനിറ്റുകളാണ് സ്ഥലത്തെത്തിയത്.
ടാങ്കറിൽനിന്നുണ്ടായ വാതക ചോർച്ച മണ്ണും മണലുമിട്ടാണ് താൽക്കാലികമായി അടച്ചത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സിനും പുറമെ ടിപ്പറിലും മണ്ണെത്തിച്ചിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ടാങ്കറിനു മുകളിൽ അഗ്നിശമന സേന വെള്ളം ചീറ്റി. വീടുകളിൽ മൊബൈലും തീയും ഉപയോഗിക്കുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. 2012ൽ 20 പേർ മരിക്കാനിടയായ ടാങ്കർ ദുരന്തം നടന്ന അതേ സ്ഥലത്തായിരുന്നു വ്യാഴാഴ്ചയും അപകടമുണ്ടായത്.
മംഗളൂരുവിൽനിന്നും കോഴിക്കോടുനിന്നുമുള്ള വിദഗ്ധർ എത്തുന്നതുവരെ മറ്റ് അപകടങ്ങൾ ഇല്ലാതെ നിയന്ത്രിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമവും അഗ്നിശമനസേന ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.