വിവാദമടങ്ങാൻ 'വെയ്റ്റിങ്'; കെ.കെ. രാഗേഷിന്‍റെ ഭാര്യയുടെ നിയമനം വൈകിപ്പിച്ച് കണ്ണൂർ സർവകലാശാല
text_fieldsകണ്ണൂര്‍: നിയമന വിവാദം തിളക്കവേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യ ഡോ. പ്രിയ വര്ഗീസിെൻറ നിയമന നടപടികൾ വൈകിപ്പിച്ച് കണ്ണൂർ യൂനിവേഴ്സിറ്റി. വളരെ തിടുക്കത്തിൽ നടത്തിയ പ്രിയ വർഗീസിെൻറ നിയമന നടപടികൾക്ക് ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകേണ്ടതായിരുന്നു. എന്നാൽ, ഇക്കാര്യം യോഗത്തിെൻറ അജണ്ടയിൽനിന്ന് അവസാന നിമിഷം മാറ്റി.
ചട്ടം ലംഘിച്ചെന്ന് ആക്ഷേപമുയർന്ന സംഭവത്തിൽ പ്രിയ വർഗീസിന് ഇപ്പോൾ നിയമനം നൽകുന്നത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലിലാണിത്. ഗവർണർ ഉയർത്തിയ എതിർപ്പുമായി ബന്ധപ്പെട്ട കോലാഹലം അടങ്ങിയശേഷം നിയമനം പരിഗണിക്കാനാണ് തീരുമാനം.
മലയാളം അസോസിയറ്റ് പ്രഫസർ സ്ഥാനത്തേക്ക് നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം തന്നെ വി.സി നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് പ്രിയ ഉൾപ്പെടെ ആറുപേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയത്. 21ന് ഓൺലൈനായി അഭിമുഖം നടത്തി. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലുംK അഭിമുഖത്തിൽ പ്രിയ വർഗീസിന് ഒന്നാം സ്ഥാനം നൽകിയ വിവരം പുറത്തുവന്നിരുന്നു.
സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ റാങ്ക് പുറത്തുവിടുകയുള്ളൂവെന്നായിരുന്നു നേരത്തെ വി.സി പറഞ്ഞിരുന്നത്. എന്നാൽ, ചൊവ്വാഴ്ച നടന്ന യോഗത്തിൽ മലയാള വിഭാഗത്തിലെ പട്ടിക മാത്രം സമർപ്പിച്ചില്ല. യോഗ്യത സംബന്ധിച്ച നിയമോപദേശം ലഭിച്ചശേഷം മാത്രമേ റാങ്ക് പട്ടികയിൽ തീരുമാനമെടുക്കാനാവൂ എന്നാണ് യോഗത്തിൽ അറിയിച്ചത്. യോഗ്യത സംബന്ധിച്ച നിയമോപദേശം പോലുമില്ലാതെ എങ്ങനെയാണ് ചുരുക്കപ്പട്ടിക തയാറാക്കിയതെന്ന ചോദ്യത്തിന് സർവകലാശാല മതിയായ ഉത്തരം നൽകിയിട്ടുമില്ല.
യു.ജി.സി വ്യവസ്ഥയനുസരിച്ച അധ്യാപന പരിചയമില്ലെന്നതാണ് പ്രിയ വർഗീസിനെതിരായ ആക്ഷേപം. ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിന്തള്ളിയാണ് ഒന്നാം റാങ്ക് നൽകിയതെന്നും പരാതിയുണ്ട്. വി.സി ഗോപിനാഥ് രവീന്ദ്രൻ സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾ മുമ്പാണ് നിയമന നടപടികൾ ഏറക്കുറെ പൂർത്തിയാക്കി പ്രിയ വർഗീസിന് നിയമനം ഉറപ്പിച്ചത്. തൊട്ടുപിന്നാലെ തീർത്തും അപ്രതീക്ഷിതമായി ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയിൽ പുനർനിയമനവും ലഭിച്ചു. ഈ പശ്ചാത്തലത്തിലാണ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനുള്ള പ്രതിഫലമാണ് വി.സിയുടെ പുനർനിയമനമെന്ന ആക്ഷേപം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.