കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ. വിന്‍സെന്റ് ഇന്ന് സ്ഥാനമൊഴിയും
text_fieldsകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ വിമർശനം നേരിട്ടതിനെ തുടർന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ. വിന്‍സെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയും. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ അംഗീകരിച്ചതോടെയാണ് സ്ഥാനമൊഴിയുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്രവിഭാഗം അസോസിയറ്റ് പ്രഫസർ ജോലിയിൽ ബുധനാഴ്ച തിരികെ പ്രവേശിക്കും. പരീക്ഷ കണ്‍ട്രോളര്‍ക്ക് യൂനിവേഴ്സിറ്റി നൽകുന്ന യാത്രയയപ്പ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പുതിയ പരീക്ഷ കണ്‍ട്രോളർ വരുന്നതുവരെ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്കായിരിക്കും പകരം ചുമതലയെന്നാണ് വിവരം.
കഴിഞ്ഞമാസം നടന്ന ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയിൽ, 2020ലെ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങൾ ആവര്‍ത്തിച്ച സംഭവത്തിലാണ് പരീക്ഷ കണ്‍ട്രോളർക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. സംഭവം വിവാദമായതോടെ പരീക്ഷകൾ സർവകലാശാല റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെ ബി.എസ് സി ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും 95 ശതമാനം ചോദ്യങ്ങൾ ആവർത്തിച്ചു.
സർവകലാശാല, ബി.ബി.എ ബിരുദ സിലബസ് കോപ്പിയടിച്ചെന്ന ആരോപണവും ഇതിനൊപ്പം ഉയർന്നിരുന്നു. ബംഗളൂരു സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ സ്റ്റോക്ക് ആൻഡ് കമോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് ആരോപണമുയർന്നത്. കേരളത്തിനുപുറത്തുള്ള സർവകലാശാലകളുടെ സിലബസുകളും ചോദ്യപേപ്പറുകളും അതേപടി പകർത്തുന്നതായും ആരോപണമുയർന്നിരുന്നു.
ഇടതുസഹയാത്രികനായ പി.ജെ. വിൻസെന്‍റ് കോഴിക്കോട് ഗവ. ആർട്സ് കോളജിലെ ചരിത്രവിഭാഗം അധ്യാപകനും പി. ശ്രീരാമകൃഷ്ണൻ നിയമസഭ സ്പീക്കറായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായിരിക്കെ 2019 ഒക്ടോബറിലാണ് ഡോ. പി.ജെ. വിന്‍സെന്റ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.