കണ്ണൂർ സർവകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഗവേഷണത്തിലെ കണ്ടെത്തലിന് അന്തർദേശീയ അംഗീകാരം. മാനന്തവാടി കാമ്പസിലെ ഇക്കോളജിക്കൽ പാരൈസറ്റോളജി ആൻഡ് ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി ലബോറട്ടറിയിലെ ഗവേഷകർ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ പരാദശാസ്ത്ര ഗവേഷണമാണ് ചരിത്രമായത്.
പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യ പഠന ഗവേഷണങ്ങൾക്ക് മാർഗദർശിയാകാവുന്ന പഠനം ലണ്ടനിലെ േകംബ്രിജ് യൂനിവേഴ്സിറ്റി പ്രസിെൻറ ജേണൽ ഓഫ് ഹെൽമിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ജന്തുശാസ്ത്ര പഠന വിഭാഗം തലവനായ ഡോ. പി.കെ. പ്രസാദൻ, ഗവേഷകരായ കെ. ഷിനാദ്, ഷെറിൻ ചാക്കോ, കെ. അരുഷ എന്നിവർ ചേർന്നാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയിൽ പെട്ട രണ്ടോ അതിലധികമോ ജീവികളെ ആശ്രയിച്ച് ജീവിതചക്രം പൂർത്തീകരിക്കുന്ന പത്രവിര (ട്രിമറ്റോഡുകൾ) വിഭാഗത്തിൽ പെടുന്ന പരാദങ്ങളിൽ പെട്ട ലെസിതോഡൻഡ്രിടെ കുടുംബത്തിലെ 'പ്ലൂറോജനോയിഡസ് വയനാടെൻസിസ് ഷിനാദ് ആൻഡ് പ്രസാദൻ 2018' എന്ന് പേര് നൽകിയ വർഗത്തിെൻറ ജീവിതചക്രം കണ്ടെത്തുകയും തുടർച്ചയായ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിെൻറ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രഫ. റോബർട്ട് പൗളിൻ, കാലിഫോർണിയ സർവകലാശാലയിലെ പ്രഫ. ലഫേർട്ടി എന്നിവർ പഠനത്തിന് സാങ്കേതിക സഹായം നൽകി. ഭക്ഷ്യശൃംഖലയിലെ വ്യത്യസ്ത തലങ്ങളിലുള്ള ജീവികളിലൂടെ ജീവിതചക്രം പൂർത്തിയാക്കുന്ന ട്രിമറ്റോഡ് പരാദങ്ങൾ നല്ല ജൈവ സൂചകങ്ങളായി അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരാദങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായകമാകുമെന്ന് ജന്തുശാസ്ത്ര പഠന വിഭാഗം തലവനായ പ്രസാദൻ പറഞ്ഞു.
ഒച്ചുകൾ, തുമ്പികളുടെ ലാർവ, തവളകൾ എന്നിവയിലൂടെയാണ് പ്ലൂറോജനോയിഡസ് വയനാടെൻസിസ് ജീവിതചക്രം പൂർത്തിയാക്കുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെതന്നെ ഏഴാമത്തെയും ഇന്ത്യയിലെ നാലാമത്തേതുമാണ് ഈ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.