വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ തുറന്നു കാട്ടേണ്ടതുണ്ട് -പ്രിയ വർഗീസ്
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസ്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്നാണ് പ്രിയ വിശദീകരണവുമായി രംഗത്തെത്തിയത്.
വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്നാണ് പ്രിയയുടെ വാദം. ഓണ്‍ലൈന്‍ അപേക്ഷകളില്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണ് ഇവയെന്നും സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് പറയുന്നു. ''കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ അപേക്ഷയായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓൺലൈൻ അപേക്ഷയിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യൂ ദിവസമാണ്. ഇന്റർവ്യൂ ഓൺലൈൻ ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവ്വകലാശാല അത് മുഴുവൻ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല''-എന്നാണ് പ്രിയ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.