മണിപ്പൂർ കലാപം: വിദ്യാർഥികൾക്ക് ഉപരിപഠനമൊരുക്കി കണ്ണൂർ സർവകലാശാല
text_fieldsകണ്ണൂർ: വംശീയകലാപത്തിന്റെ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയുടെ കൈത്താങ്ങ്. ഉപരിപഠനം സാധ്യമാക്കാൻ കണ്ണൂർ സർവകലാശാല സൗകര്യമൊരുക്കും. ഇതിനായി പ്രത്യേകം സീറ്റുകൾ അനുവദിക്കും. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർഥികൾക്കായി പ്രത്യേകം സീറ്റുകളുമായി മുന്നോട്ടുവരുന്നത്. തിങ്കളാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മണിപ്പൂരിലെ വിദ്യാർഥിസംഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി സർവകലാശാലയിലെത്തുന്ന മണിപ്പൂരിലെ വിദ്യാർഥികൾക്ക് ആവശ്യമായ താമസ സൗകര്യവും സാമ്പത്തികസഹായവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കുമെന്നും സർവകലാശാല അറിയിച്ചു. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് അവരുടെ നിലവിലെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ സർവകലാശാലയിലെ പഠനം പൂർത്തിയാക്കുന്നതുവരെ സമയം നൽകും. നിലവിൽ രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന കായിക പഠനവകുപ്പിലെ എം.പി.ഇ.എസ് പ്രോഗ്രാമിൽ ചേരുന്നതിന് ഒരു വിദ്യാർഥി ഇതിനകംതന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാല ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ-വൈസ് ചാൻസലർ പ്രഫ. എ. സാബു, സിൻഡിക്കേറ്റ് അംഗങ്ങളായ എൻ. സുകന്യ, ഡോ. രാഖി രാഘവൻ, ഡോ. കെ.ടി. ചന്ദ്രമോഹൻ, എം. ശ്രീലേഖ, ജോയന്റ് രജിസ്ട്രാർ ആർ.കെ. വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.