ഇത് ഗവർണറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന, വീഴേണ്ടത് മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് -വി.ഡി. സതീശൻ
text_fieldsതൃശൂർ: കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീം കോടതി വിധി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്നും സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഢാലോചനയാണിത്. ഗവർണറും സർക്കാരും തമ്മിൽ തർക്കമില്ലെന്നും സതീശൻ പറഞ്ഞു.
സർക്കാർ ചെലവിൽ നവകേരള സദസ്സ് നടത്തി പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമം. നാട്ടുകാരുടെ ചെലവിൽ അപമാനിക്കാനാണ് ശ്രമം. സി.പി.എമ്മിനെ സർവനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രി. താൻ തോന്നിയപോലെ ചെയ്യുന്നയാളല്ല. യു.ഡി.എഫിൽ ചർച്ച ചെയ്താണ് താൻ നിലപാട് പ്രഖ്യാപിക്കുന്നത്. തോന്നിയതുപോലെ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശൻ പറഞ്ഞു.
നവകേരള സദസ്സ് ബഹിഷ്കരണത്തിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങളോടായിരുന്നു സതീശന്റെ മറുപടി. പിണറായിയെ പേടിച്ചിട്ടാരും ചോദ്യം ചെയ്യാറില്ല. എന്നെയാർക്കും പേടിയില്ല. എന്നെ ഇവിടെ ചോദ്യം ചെയ്യും. എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് കുറെ നാളായി ഈ അസുഖം തുടങ്ങിയിട്ട്. മുമ്പ് വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് തുടങ്ങിയതാണ്. കാണുന്ന എല്ലാവരുടെയും മാനസിക നില പ്രശ്നമാണെന്ന് തോന്നുന്നത് അസുഖമാണ്. ഉടൻ മുഖ്യമന്ത്രി അതിന് ചികിത്സ തേടണം.
കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചിരിക്കുകയാണ്. ലോകം മുഴുവൻ നോക്കിയിരുന്ന കുട്ടിയെ ആശ്രാമം മൈതാനത്തിരുത്തി പ്രതി പോയി. ദയനീയമാണ് പൊലീസിന്റെ അവസ്ഥ -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.