കണ്ണൂർ അർബൻ നിധി തട്ടിപ്പ്: അഞ്ച് ജില്ലകളിൽ ഇ.ഡി പരിശോധന
text_fieldsകൊച്ചി: കണ്ണൂർ അർബൻ നിധി ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. സ്ഥാപനങ്ങളിലും സ്ഥാപനവുമായി ഇടപാടുള്ള വ്യക്തികളുമായി ബന്ധപ്പെട്ടിടങ്ങളിലും ഒരേസമയം പരിശോധന നടന്നു.
അർബൻ നിധി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ വൈലത്തൂരിലെ, തൃശൂർ ജില്ലയിലെ വെള്ളറ സണ്ണിയുടെ വീട്ടിലും വരവൂർ പഞ്ചായത്ത് ഓഫിസിന് സമീപം കുന്നത്ത്പീടികയിൽ കെ.എം. അബ്ദുൽഗഫൂറിന്റെ വീട്ടിലും ചങ്ങരംകുളം കാഞ്ഞിയൂർ മേലേപ്പാട്ട് ഷൗക്കത്തിന്റെ വീട്ടിലും സംഘം പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ സംഘത്തിന്റെ പരിശോധന മണിക്കൂറുകൾ നീണ്ടുനിന്നു. . സണ്ണിയുടെ മകൻ ആന്റണിയുടെ (45) പണമിടപാടിന്റെ സ്രോതസ്സ് തേടിയാണ് സംഘം വൈലത്തൂരിലെത്തിയത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 10 മാസം മുമ്പ് ആന്റണിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നിലവിൽ ജാമ്യത്തിലാണ്. കെ.എം. അബ്ദുൾ ഗഫൂർ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. എറണാകുളത്തുനിന്നെത്തിയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.
കണ്ണൂർ കേന്ദ്രമായ അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങൾക്കെതിരെ 150ഓളം പരാതികളാണ് നേരത്തെ ലഭിച്ചത്. ഇതിൽ 23 കേസുകളാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്. കണ്ണൂര്‍ സിറ്റി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകളാണിവ. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നെന്ന നിഗമനത്തിലാണ് ഇ.ഡി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.