കണ്ണൂർ വി.സി നിയമനം മന്ത്രി ബിന്ദുവിനെതിരായ പരാതി ഇന്ന് ലോകായുക്തയിൽ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഗവർണക്ക് ശിപാർശക്കത്ത് നൽകിയ നടപടി അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ആർ. റഷീദും ചൊവ്വാഴ്ച തുടർവാദം കേൾക്കും. ഓൺലൈനായാണ് കേസ് പരിഗണിക്കുന്നത്.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് മന്ത്രിക്കെതിരായ പരാതിയിലെ തുടർവാദം. കഴിഞ്ഞമാസം കോടതി കേസ് പരിഗണിച്ചപ്പോൾ കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ കൈവശമുള്ള രേഖകൾ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. വി.സി നിയമനത്തിന് രൂപവത്കരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കി, ഡോ. ഗോപിനാഥ് രവീന്ദ്രന് ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് തലേദിവസം പുനർനിയമനം നൽകണമെന്ന് ഗവർണറോട് രേഖാമൂലം ആവശ്യപ്പെട്ടത് അധികാരദുർവിനിയോഗമാണെന്നാണ് ഹരജിയിലെ വാദം. എന്നാൽ മന്ത്രി എന്ന നിലയിലും പ്രോ ചാൻസലർ എന്ന നിലയിലും ഗവർണർക്ക് മുന്നിൽ ഒരു നിർദേശം െവക്കുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
വാദം പൂർത്തിയായ ശേഷമായിരിക്കും പരാതി ഫയലിൽ സ്വീകരിക്കുന്നതിൽ ലോകായുക്ത തീരുമാനമെടുക്കുക. സർക്കാറിനും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും വേണ്ടി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഷാജിയും രമേശ് ചെന്നിത്തലക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ഹാജരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.