മാറ്റങ്ങൾക്ക് തുടക്കമിട്ട് കണ്ണൂർ വി.സി പടിയിറങ്ങുന്നു
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കാലാവധി പൂർത്തിയാക്കി ചൊവ്വാഴ്ച പടിയിറങ്ങും. 2017 നവംബറിലാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ വി.സിയായി ചുമതലയേറ്റത്. നാക് അക്രഡിറ്റേഷനിൽ മികച്ച റാങ്കിങ്ങും പരീക്ഷ നടത്തിപ്പും ഫലപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതും അക്കാദമിക് കൗൺസിൽ പുനഃസംഘടിപ്പിച്ചതും അടക്കമുള്ള മാറ്റങ്ങൾ നടപ്പാക്കിയാണ് അദ്ദേഹം മാതൃസ്ഥാപനമായ ജാമിയ മില്ലിയ ഇസ്ലാമിയയിലേക്ക് മടങ്ങുന്നത്.
കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് 1979--82 വർഷങ്ങളിൽ ഡൽഹി സെൻറ് സ്റ്റീഫൻസിലും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലുമായിരുന്നു പഠനം. സെൻറ് സ്റ്റീഫൻസിലും ജാമിയ മിലിയയിലും അധ്യാപകനായി. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിെൻറ മെംബർ സെക്രട്ടറിയായിരുന്നു.
കമ്പ്യൂട്ടേഷനൽ ബയോളജി, എത്നോ ബോട്ടണി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി തുടങ്ങിയ കോഴ്സുകൾ തുടങ്ങാനായത് നേട്ടമായി. പരമ്പരാഗത ഫയലിങ് സംവിധാനം മാറ്റി ഡിജിറ്റൽ ഡോക്യുമെൻറ് ഫയലിങ് സിസ്റ്റം കൊണ്ടുവന്നതോടെ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനോടൊപ്പം ചെലവ് കുറയ്ക്കുന്നതിനും സഹായകരമായി. വിവിധ പോർട്ടലുകൾ ഉൾപ്പെടുത്തി കണ്ണൂർ സർവകലാശാല വെബ്സൈറ്റ് പരിഷ്കരിച്ചു. ഐ.ടി അധിഷ്ഠിത സേവനങ്ങൾ വർധിപ്പിക്കുന്നതിനായി പ്രത്യേക ഐ.ടി സെൽ, പ്രത്യേക ഗവേഷണ ഡയറക്ടറേറ്റ് എന്നിവ രൂപവത്കരിച്ചു.
കണ്ണൂർ സർവകലാശാല പി.ജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസിൽ ആർ.എസ്.എസ് നേതാക്കളായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധമുയർന്നപ്പോൾ വി.സിയുടെ നിലപാടുകൾ വിവാദമായി. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർഥികൾ മനസ്സിലാക്കേണ്ടതുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇതേതുടർന്ന് വലിയ പ്രതിഷേധങ്ങളും സമരങ്ങളും നേരിടേണ്ടിവന്നു. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകാനുള്ള സർവകലാശാല നീക്കങ്ങളും വിവാദത്തിലായി. കോ ടെർമിനേഷൻ വ്യവസ്ഥപ്രകാരം പ്രോ- വൈസ് ചാൻസലർ എ. സാബുവും പദവി ഒഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.