കണ്ണൂർ വി.സിയുടെ പുനർനിയമനം: കോടതിക്ക് മുമ്പിൽ യഥാർഥ വിവരങ്ങൾ എത്തിയില്ലെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനെതിരായ ഹരജി ഹൈകോടതി തള്ളിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹരജിയിൽ ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ വിവരങ്ങൾ എത്തിയില്ലെന്ന് സതീശൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വരുന്നതിന് മുമ്പ് നൽകിയ ഹരജിയാണിത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിംഗിൾ െബഞ്ച് ഉത്തരവ് പുറത്ത് വന്നത്. നിയമനം തെറ്റാണെന്ന ഗവർണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുൾപ്പെടെ പുതിയ തെളിവുകൾ നിലവിലുണ്ട്. അതു കൂടി പരിഗണിച്ചായിരിക്കും ഡിവിഷൻ ബെഞ്ചിലേക്ക് പോകുന്നത്. അതുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവ് കാര്യമാക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കണം. കേസിൽ സത്യവാങ്മൂലം ഗവർണർ സമർപ്പിച്ചതിന് ശേഷമാണ് ഗവർണർ തന്നെ വിവാദമാക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിനെതിരായ ഹരജികൾ ഹൈകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു. ഇതിന് പിന്നാലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൺ ബെഞ്ചിനെ സമീപിക്കുമെന്ന് ഹരജിക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.