മഞ്ഞുമല കരിങ്കൽ ക്വാറി പ്രവർത്തനം കോടതി തടഞ്ഞു
text_fieldsആലക്കോട്: വെള്ളാട് ആശാൻകവല തുരുമ്പി മഞ്ഞുമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി കോടതി തടഞ്ഞു. സമീപവാസിയായ അമ്മിണി ആൻറണിയുടെ പരാതിയിൽ തളിപ്പറമ്പ് മുൻസിഫ് കോടതിയാണ് ക്വാറിയുടെ പ്രവർത്തനം ഒരുമാസത്തേക്ക് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ക്വാറിക്ക് ഇല്ലെന്നും മറ്റുമുള്ള കാരണത്താലാണിത്.
അതേസമയം, നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായ മേഖലയിലെ മൂന്ന് ക്വാറികൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തുരുമ്പിയിൽ ജനകീയ സമരസമിതി 10 മാസമായി സമരം നടത്തിവരുകയാണ്. നേരത്തെ മഞ്ഞുമലയിൽ ക്വാറി ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചപ്പോൾ ഇതിനെ എതിർത്ത് നാട്ടുകാർ രംഗത്തുവരുകയും പഞ്ചായത്തിനോട് അനുമതി നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ക്വാറിക്ക് ലൈസൻസ് നൽകുന്നതിനുമുമ്പ് ഇതു സംബന്ധിച്ച് പഠിക്കാൻ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ വെച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് ലൈസൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ, പിന്നീട് പഞ്ചായത്ത്, ക്വാറിക്ക് അനുമതി നൽകുകയായിരുന്നു. തുടർന്നാണ് ജനകീയ സമരസമിതി രൂപവത്കരിച്ച് സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.