ഒഴിയാബാധയായി ആഫ്രിക്കൻ ഒച്ച്; പൊറുതിമുട്ടി ഒരു ഗ്രാമം
text_fieldsപുതിയതെരു: ഒരു ഗ്രാമം മുഴുവൻ ആഫ്രിക്കൻ ഒച്ചിെൻറ ഭീഷണിയിൽ. ഒച്ചിനെ ഒഴിപ്പിക്കാൻ ഒന്നും ചെയ്യാനാകാതെ അധികൃതരും. ചിറക്കൽ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലാണ് ഒച്ച് ഭീഷണി തുടരുന്നത്. ഏതാനും ആഴ്ചകളായി ആയിരക്കണക്കിന് ഒച്ചുകളാണ് വീടുകളിലേക്ക് എത്തുന്നത്. കീരിയാട് ഏരുമ്മൽ വയൽ, റോവേഴ്‌സ് ക്ലബ് പരിസരങ്ങളിലെ വീടുകളിൽ ദിവസവും രാവിലെ ഒച്ചിനെ പിടികൂടി നശിപ്പിക്കലാണ് പ്രധാന ജോലി.
ഓരോ ദിവസവും പിടികൂടി ബക്കറ്റിലാക്കി ഉപ്പിട്ടുനശിപ്പിക്കും. എന്നാൽ, അടുത്ത ദിവസം ഇതിലുമേറെ ഒച്ച് എത്തുമെന്നതാണ് പ്രശ്നം. കഴിഞ്ഞ വർഷം പ്രളയത്തിനു ശേഷം ഒച്ച് വ്യാപകമായതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും അവയെ സ്പർശിക്കരുതെന്നും ഒച്ചിഴഞ്ഞ മണ്ണ് കൈയിലെടുക്കരുതെന്നുമുള്ള സൂചനകൾ മാത്രമാണ് ആരോഗ്യ വകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് നൽകിയത്.
ഒച്ചിനെ തുരത്താനുള്ള ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇതു കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കൃഷി നാശത്തിനുപുറമെ കുടുംബങ്ങളുടെ സ്വൈരജീവിതത്തിനുപോലും ഇവ തടസ്സമാവുകയാണ്. അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിെൻറ കേന്ദ്രം കെനിയ, താൻസനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇന്ത്യയിൽ 1847ലാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി ഗവേഷണ ആവശ്യത്തിനായി കൊണ്ടുവരുന്നത്. കേരളത്തിൽ പാലക്കാട് എലപ്പുള്ളിയിലാണ് ആഫ്രിക്കൻ ഒച്ചിനെ എത്തിച്ചത്. ഇതും ഗവേഷണ ആവശ്യത്തിനായിരുന്നു.
ആറാം വാർഡിലെ ഏരുമ്മൽ വയൽ ഭാഗത്തുള്ള മരമില്ലിനു സമീപമാണ് വർഷങ്ങൾക്കുമുമ്പ് ഒച്ചിനെ ആദ്യം കണ്ടെത്തിയത്. പ്രദേശത്തെ വീടുകൾ മുഴുവൻ ഒച്ച് വ്യാപകമായതോടെ ചിറക്കൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉപ്പ് വിതറി ഒച്ചിനെ ഒഴിവാക്കാൻ നിർദേശം നൽകി. കൂടുതൽ വീടുകളുടെ അടുക്കളത്തോട്ടങ്ങൾ ഒച്ച് കൈയടക്കി. ഓരോ ദിവസവും ഉപ്പ് വിതറി ഒച്ചിനെ നീക്കം ചെയ്യാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വീണ്ടും വ്യാപിക്കുകയാണ്.
വീടുകളുടെ വിറകുപുരകളിലും കിണറുകളുടെ വശങ്ങളിലും ഒച്ച് പെരുകിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള മരങ്ങൾ ഇറക്കുമതി ചെയ്യുന്ന മില്ലുകളിൽ നിന്നാണ് ഒച്ചിെൻറ വരവെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ മരമില്ലുകൾക്ക് സമീപവും ഒച്ച് വ്യാപകമാണ്. കാര്‍ഷിക വിളകളുടെ നാശം മാത്രമല്ല, പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതാണ് വലിയ ഭീഷണി. 6-10 വര്‍ഷംവരെയാണ് ഇവയുടെ ജീവിതകാലം. 20 ഗ്രാം മുതല്‍ 250ഗ്രാം വരെ തൂക്കംവെക്കും. ചൂടും തണുപ്പും ഏറുമ്പോള്‍ മണ്ണിനടിയില്‍ ദീര്‍ഘകാലം കഴിയുന്ന ഒച്ചുകൾ മഴക്കാലത്ത് പുറത്തിറങ്ങും. ഇണചേരല്‍ കഴിഞ്ഞാല്‍ എട്ടുമുതല്‍ 20വരെ ദിവസത്തിനുള്ളില്‍ മുട്ടയിടും. 100 മുതല്‍ 500വരെ മുട്ടകളാണ് ഒരുതവണ ഇടുക. ഒരു വര്‍ഷത്തില്‍ 1200 മുട്ടകള്‍ വരെയിടും. 15 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയുന്ന കുഞ്ഞുങ്ങൾക്ക് ആറുമാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.